Sunday, May 5, 2024
HealthindiaNews

വിദേശത്ത് നിന്നും മഹാരാഷ്ട്രയിലെത്തിയ 109 പേരെ കാണാനില്ല; ഒമിക്രോണ്‍ ഭീതിയില്‍ മഹാരാഷ്ട്ര

രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കെ പ്രതിരോധ നടപടികളില്‍ വെല്ലുവിളി ഉയര്‍ത്തി വിദേശയാത്രക്കാര്‍. അടുത്തിടെ വിദേശത്ത് നിന്നും മഹാരാഷ്ട്രയിലെത്തിയ 109 പേരെ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. 295 പേരാണ് വിദേശത്ത് നിന്നും കല്യാണ്‍ ഡോംബിവാലി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെത്തിയത്. ഇതില്‍ 109 പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പലരേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി സൂര്യവാന്‍ഷി അറിയിച്ചു. ഇവര്‍ നല്‍കിയിരിക്കുന്ന മേല്‍വിസാലങ്ങളില്‍ അന്വേഷിച്ച് ചെല്ലുമ്പോള്‍ പൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ്. ഒമിക്രോണ്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഇത്തരം നടപടികള്‍ ഉയര്‍ത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ 10 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. നിരവധി പേര്‍ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. വിദേശത്ത് നിന്നും നാട്ടിലെത്തുന്നവരെ കണ്ടെത്തി ക്വാറന്റീനിലാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.