ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്റെ സംസ്‌കാരം അമേരിക്കയില്‍. ബുധനാഴ്ച അമേരിക്കയില്‍ വച്ചു തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍. റ്റാംബെയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലാണു സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. അമേരിക്കന്‍ സമയം രാവിലെ പതിനൊന്നിനാണ് സംസ്‌കാര ശുശ്രൂഷ.
മയാമിയിലെ ഫ്യൂണറല്‍ ഹോമിലാണ് നിലവില്‍ മെറിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. മെറിന്റെ പിതാവ് ജോയിയുടെ മാതൃ സഹോദരന്മാര്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അമേരിക്കയിലുണ്ട്. മെറിന്റെ ബന്ധുക്കള്‍ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് സ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. മെറിന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഇവിടെവച്ച് അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ട്.
എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയില്‍ നിന്നു നാട്ടിലെത്തിക്കാന്‍ സാധിക്കാത്തത്. മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മൃതദേഹം എംബാം ചെയ്യാന്‍ സാധിച്ചില്ല. നിരവധി കുത്തുകളേറ്റതിനു പുറമേ മെറിന്റെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മൃതദേഹം എംബാം ചെയ്യാന്‍ സാധിച്ചില്ല. ഇക്കാര്യം ആശുപത്രി അധികൃതര്‍ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചിരുന്നു. മോനിപ്പള്ളിയിലെ വീട്ടിലും അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.