കാഞ്ഞിരപ്പള്ളി കൃഷി ഭവനില്‍ മോഷണശ്രമം

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനില്‍ മോഷണശ്രമം. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഏതെങ്കിലും ഫയലുകള്‍ കള്ളന്‍ കൊണ്ടുപോയോ എന്ന കാര്യത്തില്‍ പരിശോധന തുടരുകയാണ്. കാഞ്ഞിരപ്പള്ളി ആനക്കല്ലിലുള്ള കൃഷിഭവന്‍, അസി.ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ആത്മട്രയിനിംഗ് സെന്റര്‍ എന്നീ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് മോഷണശ്രമം നടന്നത്. മൂന്ന് ഓഫീസുകളുടെയും വാതിലുകളുടെ താഴുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കൃഷിഭവന്‍, അസി.ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ എന്നീ ഓഫീസുകളില്‍ മോഷണശ്രമത്തിനിടെ ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലാണ്. ആത്മട്രയിനിംഗ് സെന്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകള്‍, ക്യാമറ, പ്രൊജക്ടറുകള്‍ എന്നിവയും നിലത്തേക്ക് വലിച്ചിട്ട നിലയില്‍ കണ്ടെത്തി. മൂന്ന് ഓഫീസുകളില്‍ ഒന്നിലും വിലപിടിപ്പുള്ളവ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൊബൈല്‍ ഫോണുകള്‍, കംമ്പ്യൂട്ടറുകള്‍ എന്നിവ അടക്കം ഉണ്ടായിരുന്നെങ്കിലും ഇവയും മോഷ്ടിക്കപ്പെട്ടിട്ടില്ല.  ഓഫീസിന്റെ മുറ്റത്ത് നിന്ന് മോഷ്ടാവ് ഉപേക്ഷിച്ചു എന്ന് കരുതുന്ന കൈയുറകള്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അടച്ച ഓഫീസുകള്‍ മൂന്ന് ദിവസത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ 9 മണിയോടെ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കാഞ്ഞിരപ്പള്ളി എസ്എച്ച് ഒ ഷിന്റോ പി കുര്യന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.