ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുണ്ടായ തോല്‍വിയില്‍ സിപിഎം സംസ്ഥാന കമ്മറ്റിയുടെ അവലോകനം തളളി. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാര്‍ക്സിയന്‍ രീതിയിലല്ലെന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ പാര്‍ട്ടിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പോളിറ്റ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയതലത്തില്‍ സിപിഎം, ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോണ്‍ഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തില്‍ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വിലയിരുത്തലിനെ ദേശീയതലത്തിലെ നേതാക്കള്‍ എതിര്‍ത്തു.
ജാതി- മത സംഘടനകളുടെ സമീപനം മാത്രമാണ് തോല്‍വിക്ക് കാരണമെന്ന സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍ അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര കമ്മറ്റി വിലയിരുത്തി. ആഴത്തിലുള്ള പരിശോധന വേണമെന്ന് കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശിച്ചു. കേരളത്തിലെ നേതൃമാറ്റം നിലവില്‍ ചര്‍ച്ചയില്‍ ഇല്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ നല്കുന്ന സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ച നാളെയും തുടരും.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)