Tuesday, April 30, 2024
AstrologykeralaNews

വിഷുവിനെ വരവേറ്റ് മലയാളികള്‍

തിരുവനന്തപുരം: കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍േറയും ഓര്‍മ്മകള്‍ പുതുക്കി കണിയും കൈനീട്ടവുമായി മലയാളികള്‍  വിഷുവിനെ വരവേല്‍ക്കുകയാണ് . കൃഷ്ണ വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിന് മുന്നില്‍ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കൊന്നപ്പൂക്കളും കാര്‍ഷിക സമൃദ്ധിയുടെ കാഴ്ചയായി ഫലങ്ങളും. കണ്ണനെ കണി കണ്ടുണര്‍ന്നും വിഷു കൈനീട്ടം നല്‍കിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു.          നിലവിളക്ക് തെളിയിച്ച് ഓട്ടുരുളിയില്‍ ഐശ്വര്യത്തിന്റെ കാഴ്ചയായി കൊന്നപ്പൂക്കളും കോടി മുണ്ടും, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും പിന്നെ സമ്പന്നമായൊരു കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലും. കണിവെളളരിയും, ചക്കയും, മാങ്ങയും മറ്റ് ഫലങ്ങളും നിറച്ച് ഒരു വിഷുക്കണി. കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ വിഷു കൈനീട്ടം. കുടുംബത്തിലെ മുതിര്‍ന്നവര്‍ നല്‍കുന്ന സമ്പല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കമാണ് വിഷു കൈനീട്ടം.കാര്‍ഷിക സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കണ്‍തുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു.

മേടമാസത്തിലെ വിഷുപ്പുലരിയില്‍ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വര്‍ഷം മുഴുവന്‍ നിലനില്‍ക്കുമെന്നാണ് വിശ്വാസം.കൂട്ടായ്മയുടെ ഉത്സവമാണ് വിഷു. വടക്കന്‍ കേരളത്തിലാണ് വിഷുവിന്് കൂടുതല്‍ പ്രാധാന്യം. വിഷുക്കോടികള്‍ കൈമാറിയും പടക്കംപൊട്ടിച്ചും വീടുകളില്‍ ബന്ധുമിത്രാതികളെല്ലാവരും ഒത്തുകൂടിയുമുള്ള ഒരു ആഘോഷം. കണികാണല്‍ കഴിഞ്ഞാല്‍ രാവിലെ പടക്കങ്ങള്‍ പൊട്ടിച്ച് വിഷു ആഘോഷങ്ങള്‍ ആരംഭിക്കുകയായി.

അതിരാവിലെ ക്ഷേത്ര ദര്‍ശനവും. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും വിഷു നാളില്‍ സമൃദ്ധമായൊരു കണി ഭക്തര്‍ക്കായി ഒരുക്കിയിരിക്കും ഒപ്പം കൈനീട്ടവും ഉണ്ടാകും. പിന്നാലെ വീടുകളില്‍ വിഷുക്കളികളും സദ്യവട്ടവും..

             ഐശ്വര്യത്തിന്റെ നല്ല നാളുകള്‍ ഒരുക്കുന്ന എല്ലാ മലയാളികള്‍ക്കും
               കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ വിഷു ആശംസകള്‍…