തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വന്‍ തോല്‍വിയില്‍ മണ്ഡല അടിസ്ഥാനത്തില്‍ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച തോല്‍വിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റില്‍ ചര്‍ച്ച. പാര്‍ട്ടി വോട്ട് ചോര്‍ന്ന മേഖലകളില്‍ പ്രത്യേക പരിശോധന നടത്തും.
വന്‍തോതില്‍ വോട്ട് ചോര്‍ന്ന ഇടങ്ങളില്‍ അന്വേഷണ കമ്മീഷന് വന്നേക്കും. സംസ്ഥന സമിതിക്കുള്ള റിപ്പോര്‍ട്ടില്‍ നടപടി ശുപാര്‍ശയ്ക്കും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി. പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും ബിജെപി വോട്ട് ഇരട്ടിയാക്കിയതിന് പിന്നിലെന്തെന്ന് തലപുകയ്ക്കുകയാണ് സിപിഎം.
സിപിഎം പിബിയില്‍ കേരളത്തിലെ സ്ഥിതി സംബന്ധിച്ച ചര്‍ച്ച നടന്നു. ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കേരളത്തിലെ സാഹചര്യം സങ്കീര്‍ണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തില്‍ പഠിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)