തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തിനായി പ്രതി അമ്പിളി സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിന് സുനിലിന്റെ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കളിയിക്കാവിള പൊലിസ് സ്റ്റേഷന് 200 മീറ്റര്‍ അകലെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.
വാഹനത്തില്‍ നിന്നും ഒരാള്‍ ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലിസിന് തെളിവായി ലഭിച്ചത്. തുടര്‍ന്ന് നെയ്യാറ്റിന്‍കര മുതലുള്ള സിസിടിവി ദൃശ്യങ്ങള്‍ കളിയിക്കാവിള പൊലിസ് ശേഖരിച്ചു. പണത്തിന് വേണ്ടി ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തല്‍. രണ്ടാം പ്രതി സുനിലായിലുള്ള തെരച്ചില്‍ തുടരുകയാണ്.കൊലപാതകത്തിനായി ഗുണ്ടാ നേതാവ് അമ്പിളി എന്ന ഷാജി, പാറശ്ശാലയിലെ സുനിലിന്റെ ഉടമസ്ഥതയിലുള്ള ബ്രദേഴ്സ് സജിക്കസ് സ്ഥാപനത്തിലായിരുന്നു സര്‍ജിക്കല്‍ ബ്ലേഡിനായി എത്തിയത്.
കടയുടമ സുനിലിന്റെ നിര്‍ദ്ദേശ പ്രകാരം സുഹൃത്ത് പ്രദീപ് ചന്ദ്രന് ആണ് മറ്റൊരു കടയില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി നല്‍കിയത്. പിന്നീട് കളിയിക്കാവിളയ്ക്ക് അടുത്ത് അമ്പിളിയെ കാറില്‍ കൊണ്ടുവിട്ടതും സുനിലായിരുന്നു.കൊലപാതകം നടക്കുമ്പോള്‍ ഒന്നര കിലോമീറ്റര്‍ അകലെ പ്രദീപും സുനിലും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കളിയിക്കാവിള പോലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുടെ നേതൃത്ത്വത്തില്‍ പ്രദീപിനെ പിടികൂടി തമിഴ്നാട് പോലീസിന് കൈമാറുകയായിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗൂഡാലോചന കേസില്‍ പ്രദീപ് ചന്ദ്രന്റെ അറസ്റ്റ് രേഖപ്പെടുത്തി.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)