Thursday, May 2, 2024
keralaNews

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂര്‍ സ്വദേശി ഷിഹാബ് എന്നിവരാണ് പിടിയിലായത്. നാല് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്. ട്രോളി ബാഗില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇവരുടെ ശ്രമം.ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കിയാണ് വിമാനത്താവളത്തേക്ക് ഇവര്‍ സ്വര്‍ണം എത്തിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒന്നേ മുക്കാല്‍ കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ജിദ്ദയില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണം കൊണ്ടുവന്നത്. അടുത്തിടെയായി കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമാകുകയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ നിരവധി തവണയാണ് ഇവിടെ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്.