Friday, May 17, 2024
indiaNews

ഹിന്ദു വിവാഹം ആചാര അനുഷ്ഠാനങ്ങളോടെ നടന്നില്ലെങ്കില്‍ സാധുവാകില്ല; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദു വിവാഹം കൃത്യമായ ആചാര – അനുഷ്ഠാനങ്ങളോടെ നടത്തിയില്ലെങ്കില്‍ സാധുവായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഹിന്ദു വിവാഹമെന്നത് പവിത്രമായ സംസ്‌കാരമാണ്. ഭാരതീയ സമൂഹം ഉയര്‍ന്ന മൂല്യം നല്‍കുന്ന മഹനീയ കര്‍മ്മമാണിത്. പാട്ടും നൃത്തവും ഭക്ഷണവുമാണ് ഹിന്ദു വിവാഹം എന്ന് കരുതരുത് എന്നും ജസ്റ്റിസ് ബി.വി.നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹുവും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. 1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം, വിവാഹം നടക്കുന്നില്ലെങ്കില്‍ അതിനുള്ള നിയമസാധുത ഇല്ലാതാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ട് പൈലറ്റുമാരുടെ വിവാഹ മോചന ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം ഉണ്ടായത്. സാധുവായ ചടങ്ങുകള്‍ ഇല്ലാതെയായിരുന്നു പ്രസ്തുത വിവാഹം നടന്നത്. 1955 മെയ് 18 ന് നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, ഹിന്ദു വിവാഹവുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിച്ചിട്ടുണ്ട്. കക്ഷികള്‍ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ചുള്ള ചടങ്ങുകള്‍ക്ക് പൂര്‍ത്തിയാക്കിയില്ലെങ്കില്‍, ആ വിവാഹം ഹിന്ദു വിവാഹമായി കണക്കാക്കില്ലെന്നും ബെഞ്ച് പറഞ്ഞു. പവിത്രമായ വിവാഹത്തെ ഒരു വാണിജ്യ ഇടപാടിക്കാക്കി മാറ്റുന്നതിനോട് കോടതിക്ക് യോജിക്കാന്‍ കഴിയില്ല. വിവാഹം എന്നത് സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരമായി കാണാനും പാടില്ല. കുടുംബ സങ്കല്‍പ്പത്തിന്റെ അടിസ്ഥാന ഘടകമാണ് ഇത്. ഹിന്ദു വിവാഹം സന്താനോല്‍പാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബത്തെ ഏകീകരിക്കുകയും ചെയ്യുന്നവെന്നും കോടതി നിരീക്ഷിച്ചു. ഋഗ്വേദമനുസരിച്ച് ‘സപ്തപദി’ (വരനും വധുവും ചേര്‍ന്ന് അഗ്‌നിക്ക് വലംവെക്കുക) പോലുള്ള ചടങ്ങുകള്‍ ഇല്ലാതെ ഹിന്ദു വിവാഹം സാധുവാകില്ലെന്ന് ഏപ്രില്‍ 19 ന് കോടതി വ്യക്തമാക്കി.