Friday, May 17, 2024
HealthkeralaNews

കോവിഡ് രോഗിയെ ബൈക്കിൽ കൊണ്ടുപോയ സംഭവം വിശദീകരണവുമായി അധികൃതർ.

ആലപ്പുഴയില്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇരുചക്ര വാഹനത്തില്‍ ഇരുത്തി.സംഭവം സംബന്ധിച്ച് അന്വേഷിച്ച് വരികയാണെന്ന് ആലപ്പുഴ ഡിഎംഒ എൽ . അനിതകുമാരി പറഞ്ഞു. പഞ്ചായത്ത്  തലത്തിൽ കോവിഡ് സെൻററുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗബാധിതനായ ആൾ ആരെയും അറിയിച്ചിരുന്നില്ലെന്നും അവർ പറയുന്നു . രോഗിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ കുഴപ്പമില്ലെന്നും അവർ പറഞ്ഞു .  എന്നാൽ രോഗിയെ കൊണ്ടുപോകുന്നത് ആംബുലൻസ് വരികയായിരുന്നുവെന്നും  വാഹനം വരുന്നതിനുമുമ്പ് രോഗിയെ ബൈക്കിൽ കൊണ്ടുപോയതാണെന്നും കളക്ടർ വ്യക്തമാക്കുന്നു .

 സംഭവത്തില്‍ വ്യത്യസ്ത വിശദീകരണങ്ങളുമായി ജില്ലാ കളക്ടറും ഡിഎംഒയും. കൊവിഡ് രോഗിക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആരെയും വിളിച്ചറിയിച്ചില്ലെന്ന് ഡിഎംഒ അനിത കുമാരി വിശദീകരിച്ചപ്പോള്‍, പഞ്ചായത്ത് അധികൃതരെ വിളിച്ചുവെന്നും ആംബുലന്‍സ് എത്തുന്നതിന് മുമ്പ് രോഗിയെ മാറ്റുകയായിരുന്നുവെന്നുമായിരുന്നു ജില്ലാകളക്ടര്‍ അലക്‌സാണ്ടറിന്റെ വിശദീകരണം.

 പുന്നപ്രയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നുമാണ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പിപിഇ കിറ്റ് ധരിച്ച രണ്ടുപേര്‍ക്ക് നടുവിലായാണ് ഇയാളെ ബൈക്കില്‍ ഇരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. രോഗി കഴിഞ്ഞിരുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഓക്‌സിജന്‍ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ബൈക്കില്‍ കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇവിടെ ഡോക്ടര്‍മാരും ഇല്ലെന്നും ആരോപണമുണ്ട്.