Monday, May 6, 2024
keralaNewspolitics

വീണ വിജയന്റെ കമ്പനിക്ക് കടം: അന്വേഷണം വേണമെന്ന് ഷോണ്‍ ജോര്‍ജ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിന് കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനി കടമായി നല്‍കിയ 77.6 ലക്ഷം രൂപയിലും അന്വേഷണം വേണമെന്ന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജാണ് പരാതി നല്‍കിയത്. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് പുതിയ പരാതി.

മാസപ്പടി വിവാദത്തില്‍പ്പെട്ട കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വര്‍ഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നല്‍കിയതെന്നാണ് പരാതിയിലുളളത്. മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുയര്‍ന്ന 1.72 കോടി ലക്ഷത്തിന് പുറമേയുള്ള തുകയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും നാളെ ഇക്കാര്യം ഉന്നയിക്കും.