Friday, May 17, 2024
indiaNewspolitics

 പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ദില്ലി : ലൈംഗികാതിക്രമ കേസില്‍ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഇമിഗ്രേഷന്‍ പോയന്റുകള്‍ എന്നിവിടങ്ങളിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

വിദേശത്തേക്ക് പോയ പ്രജ്വല്‍ ഈ സ്ഥലങ്ങളിലിറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചത്. പ്രജ്വല്‍ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം.  തിരിച്ചെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തെന്നും സൂചനയുണ്ട്. ലൈംഗികാതിക്രമ പരാതിയില്‍ പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എംഎല്‍എ രേവണ്ണയ്ക്കും പ്രത്യേകാന്വേഷണസംഘം സമന്‍സയച്ചിട്ടുണ്ട്. ഹൊലെനരസിപുര സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗികപീഡനപ്പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രജ്വല്‍ രേവണ്ണയ്ക്കും – അച്ഛന്‍ രേവണ്ണയ്ക്കും പ്രത്യേകാന്വേഷസംഘം സമന്‍സയച്ചിരിക്കുന്നത്.

എത്രയും പെട്ടെന്ന് നേരിട്ട് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് പ്രചരിച്ച ആയിരക്കണക്കിന് അശ്ലീല വീഡിയോകളില്‍ വിശദീകരണം നല്‍കണമെന്നും സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയ പ്രജ്വലിനെ തിരിച്ചെത്തിക്കുന്നത് എങ്ങനെ എന്നതില്‍ നിയമോപദേശം തേടി വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെടാനൊരുങ്ങുകയാണ് എഡിജിപി ബികെ സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം.

ഫ്രാങ്ക്ഫര്‍ട്ടില്‍ വിമാനമിറങ്ങിയെന്നല്ലാതെ അവിടെ നിന്ന് പ്രജ്വല്‍ എങ്ങോട്ട് പോയി എന്നതടക്കമുള്ള കാര്യത്തില്‍ ഇത് വരെ പൊലീസിന് ഒരു വിവരവുമില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടത്തിയ ഒരാളെ തിരിച്ച് ഇന്ത്യയിലേക്ക് നാടുകടത്താന്‍ ജര്‍മന്‍ ഫെഡറല്‍ പൊലീസിനെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ വിവരമറിയിക്കണം.

നാടുകടത്തേണ്ട തരം കുറ്റമാണ് പ്രതി ചെയ്തതെന്ന് ഫെഡറല്‍ പൊലീസിന് ബോധ്യപ്പെട്ടാല്‍ ലോക്കല്‍ ഫോറിനര്‍ റജിസ്‌ട്രേഷന്‍ ഓഫീസിനെ വിവരമറിയിച്ച് പ്രതിയെ ലോക്കല്‍ പൊലീസ് കസ്റ്റഡിയിലെടുക്കും. ഫെഡറല്‍ പൊലീസിന് കൈമാറും. അവിടെ നിന്ന് ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വിമാനമാര്‍ഗം പ്രതിയെ ഇന്ത്യയിലെത്തിച്ച് തദ്ദേശീയ പൊലീസിന് കൈമാറും. ഈ നടപടി നീണ്ട് പോകാതിരിക്കാനാണ് സമന്‍സ് അടക്കമുള്ള നിയമനടപടികള്‍ എത്രയും പെട്ടെന്ന് എസ്‌ഐടി തുടങ്ങിയിരിക്കുന്നത്.

ഇരകളായ സ്ത്രീകളുടെ മൊഴികള്‍ക്കൊപ്പം ദൃശ്യം പുറത്തെത്തിച്ചുവെന്ന് കരുതുന്ന ഡ്രൈവര്‍ അടക്കം സാക്ഷികളായി ഉറച്ച് നിന്നാല്‍ പ്രജ്വലിന് നീണ്ട കാലത്തെ ജയില്‍വാസമാണ് കാത്തിരിക്കുന്നത്.