Friday, May 3, 2024
keralaNewsObituary

അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

വയനാട് : അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി നെടുമ്പാറ പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ആദിദേവിനെ വ്യാഴാഴ്ചയാണ് കോഴിക്കോടേക്ക് മാറ്റിയത്. തുടര്‍ന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ആദിദേവും അമ്മ അനിലയും രാവിലെ അങ്കണവാടിയിലേക്ക് പോകുമ്പോഴായിരുന്നു അയല്‍വാസി ജിതേഷ് ആക്രമിച്ചത്. കുഞ്ഞിന്റെ തലയ്ക്കായിരുന്നു വെട്ടേറ്റത്. ആദിദേവിന്റെ അച്ഛന്‍ ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിനെ ചൊല്ലിയുള്ള തര്‍ക്കവും വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമായത്. നിലവില്‍ അറസ്റ്റിലായ ജിതേഷ് റിമാന്‍ഡില്‍ കഴിയുകയാണ്.