Saturday, April 27, 2024
keralaNews

ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ടയിലെ ചുട്ടിപ്പാറയില്‍ ഒരുങ്ങുന്നു.

പത്തനംതിട്ട :133 അടി ഉയരത്തിലും 66 മീറ്റര്‍ ചുറ്റളവിലും ലോകത്തിലെ ഏറ്റവും വലിയ അയ്യപ്പ ശില്‍പ്പം പത്തനംതിട്ടയിലെ ചുട്ടിപ്പാറയില്‍ ഒരുങ്ങുന്നു.നിര്‍മിക്കാനുദ്ദേശിക്കുന്ന ശില്‍പ്പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ ആയി. ഇതോടൊപ്പം, അയ്യപ്പ ചരിത്രം ഉള്‍പ്പെടുന്ന മ്യൂസിയം, പന്തളം കൊട്ടാരത്തിന്റെ മാതൃക, പുങ്കാവനത്തിന്റേയും പമ്പയുടെയും മാതൃക, വാവര്‍ സ്വാമിയുടെ പ്രതിമ എന്നിവയും ഉണ്ടാകും. തിരുവനന്തപുരം ആഴിമലയില്‍ കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ സ്ഥാപിച്ച ശില്‍പി ദേവദത്തന്റെ നേതൃത്വത്തിലാണ് അയ്യപ്പ ശില്‍പ്പത്തിന്റെ നിര്‍മ്മാണം.34 കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശങ്ങളില്‍ നിന്ന് പോലും കാണാനാവുന്ന വിധത്തിലാണ് നിര്‍മാണം. അയ്യപ്പന്റെ ജന്മ ഗൃഹമായ പന്തളത്തു നിന്നും ചുട്ടിപ്പാറയ്ക്ക് മുകളിലെ വിഗ്രഹം ദര്‍ശിക്കാന്‍ കഴിയും.വനവാസ കാലത്ത് ശ്രീരാമനും സീതാദേവിയും തങ്ങിയെന്ന് വിശ്വസിക്കുന്ന സ്ഥലമാണ് സമുദ്രനിരപ്പില്‍ നിന്ന് 400 അടി ഉയരത്തിലുള്ള ചുട്ടിപ്പാറ.

പുലിപ്പാലിനായി പിടികൂടിയ പുലികളുമായി പന്തളത്തേക്കുള്ള യാത്രക്കിടെ,പന്തള രാജകുമാരനായ മണികണ്ഠന്‍,വിശ്രമിച്ചതായി ഐതീഹ്യമുള്ള സ്ഥലമാണ് പത്തനംതിട്ട നഗരമധ്യത്തിലെ ചുട്ടിപ്പാറ.ചുട്ടിപ്പാറ മഹാദേവക്ഷേത്രത്തിന്റെ ഭാഗമായ ഈ സ്ഥലത്ത് ക്ഷേത്ര ട്രസ്റ്റാണ് ശില്‍പ്പത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് നടത്തുന്നത്.അയ്യപ്പന്റെ യോഗനിദ്രയിലുള്ള കോണ്‍ക്രീറ്റ് ശില്‍പ്പം നാലര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമ്പോള്‍ 32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ചുട്ടിപ്പാറയിലേക്കുളള പാതയും പഴനി മാതൃകയില്‍ റോപ്വേയും നിര്‍മിക്കും.അയ്യപ്പ ശില്‍പ്പത്തിന്റെ ചിത്രം എടുത്ത ശേഷം തിരിച്ചു നോക്കിയാല്‍ മാളികപ്പുറത്തമ്മയുടെ രൂപം കാണാവുന്ന തരത്തിലാണ് ശില്‍പ്പം വിഭാവനം ചെയ്തിരിക്കുന്നത്.ഒരു മാസം നീളുന്ന നാമജപ യജ്ഞത്തിലൂടെ ഭക്തരുടെ കൂട്ടായ്മ രൂപീകരിച്ച് ശില്‍പ നിര്‍മ്മാണത്തിനുള്ള ധനസമാഹരണം നടത്തും.തന്ത്രിക വിധി പ്രകാരം പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ഈ അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ശരീര ശുദ്ധി വരുത്തിയ ശേഷം ഭഗവത് വിഗ്രഹത്തില്‍ പുഷ്പ്പാഭിഷേകം നടത്താനുള്ള അവസരം ഒരുക്കും.