Sunday, May 5, 2024
keralaNewsObituary

വൃദ്ധ ദമ്പതികളുടെ കൊലപാതകം; മകന്‍ പിടിയില്‍

പാലക്കാട്: വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ മകന്‍ സനല്‍ പിടിയില്‍. ഒളിവില്‍ പോയിരുന്ന പ്രതിയെ സഹോദരന്‍ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താല്‍ പിടികൂടി പൊലീസിലേല്‍പിച്ചു. രാവിലെ 7.30 ഓടെയാണ് പ്രതി വീട്ടിലെത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. ഓട്ടോയിലാണ് വന്നത്. ഗേറ്റ് പൂട്ടിയിട്ടത് കണ്ട് തിരികെ പോകാനൊരുങ്ങി. ഉടനെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസിന്റെ നിര്‍ദ്ദേശ പ്രകാരം ഓട്ടോയെ പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയതെന്ന് നാട്ടുകാര്‍ പറയുന്നു. ചെറുത്തുനില്‍പ്പ് കൂടാതെയാണ് പ്രതി കീഴടങ്ങിയതെന്നും അയല്‍വാസി.

പുതുപ്പരിയാരം ഓട്ടൂര്‍ക്കാവില്‍ വൃദ്ധ ദമ്പതികളായ 65 കാരന്‍ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയുമാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തുള്ള മകള്‍ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.

ചന്ദ്രനെയും ദേവിയെയും മകന്‍ സനല്‍ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൃത്യം നടന്നതിന് ശേഷം സനല്‍ ഒളിവില്‍ പോവുകയായിരുന്നു. നേരത്തെ മുംബെയില്‍ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സനല്‍ ലോക്ഡൗണ്‍ സമയത്താണ് നാട്ടിലെത്തിയത്. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് കണ്ടെടുത്ത സിറിഞ്ചുകള്‍ സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസില്‍ ബലപ്പെടുത്തിയിട്ടുണ്ട്.