Monday, May 6, 2024
keralaNewspolitics

വിവിപാറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: വിവിപാറ്റ് പൂര്‍ണ്ണമായി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പൂര്‍ണമായി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശങ്ങള്‍ നല്‍കികൊണ്ടാണ് ഹര്‍ജികള്‍ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും – ദീപങ്കര്‍ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.  തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്ന യൂണിറ്റ് മുദ്രവയ്ക്കണം.ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന വോട്ടിംഗ് മെഷീന്‍ 45 ദിവസം സൂക്ഷിക്കണമെന്നതുമാണ് നിര്‍ദേശം. വോട്ടെണ്ണലിന് ശേഷം മൈക്രോ കണ്‍ട്രോളര്‍ പരിശോധിക്കണമെന്നത് ആവശ്യമെങ്കില്‍ ഉന്നയിക്കാമെന്നും, ഇതിന് 3 എഞ്ചിനീയര്‍മാരുടെ ടീമിനെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഇതിനായുള്ള ചെലവ് സ്ഥാനാര്‍ത്ഥികള്‍ വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇവിഎമ്മില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ പണം തിരികെ നല്‍കണമെന്നും കോടതി പറഞ്ഞു.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സ്ലിപ്പുകള്‍ മുഴുവന്‍ എണ്ണുന്നത് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ വോട്ടിംഗ്് യന്ത്രങ്ങളെക്കുറിച്ചു സംശയം ഉയര്‍ന്നെന്ന പേരില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.