Thursday, April 25, 2024
Local NewsNews

പമ്പാനദിയില്‍ മണല്‍കൊള്ള വ്യാപകം .അധികൃതര്‍ക്ക് ‘ പടി ‘ യഥാവിധി

നീണ്ട ഇടവേളയ്ക്ക്  ശേഷം മലയോര മേഖലയിലെ പ്രധാന നദിയായ പമ്പനദിയില്‍  മണല്‍കൊള്ള  . അധികൃതരെ നോക്കുകുത്തിയാക്കി തുലാപ്പള്ളി , മൂലക്കയം , കിസുമം , എയ്ഞ്ചല്‍വാലി  അടക്കം പമ്പാനദിയുടെ തീരപ്രദേശങ്ങളില്‍ നിന്നാണ് മണല്‍ കടത്ത് വ്യാപകമാകുന്നത് . 

മണല്‍ കടത്തിനെതിരെ സര്‍ക്കാരിന്റെ കര്‍ശന നിരോധനമുണ്ടായിട്ടും അനധികൃത മണല്‍ കടത്ത് തടയേണ്ടവര്‍ക്ക് യഥാവിധി ‘ പടി ‘ നല്‍കിയാണ് മണല്‍ മാഫിയ മണല്‍ കടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു .
രാത്രി കാലങ്ങളില്‍ വിവിധ കടവുകളില്‍ നിന്നും ഏകദേശം 10 ലധികം മണല്‍ ലോഡുകളാണ് കടത്തുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു . എന്നാല്‍ എരുമേലി പഞ്ചായത്തിലടക്കം സമീപ പഞ്ചായത്തുകളിലൊന്നും മണല്‍ വാരുന്നതിനുള്ള പാസ് നല്‍കിയിട്ടില്ലെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം . എന്‍ വിജയന്‍ പറഞ്ഞു .
അനധികൃതമായി വാരുന്ന മണല്‍,ലോഡുകള്‍ കൂടുതലും റാന്നി, മുണ്ടക്കയം എന്നീ പ്രധാന പാതകളില്‍ക്കൂടിയാണ് കടന്നുപോകുന്നതെന്നും പറയുന്നു . നദിയില്‍ നിന്നും മണല്‍ വാരത്തതുമൂലം നദികളുടെ താഴ്ച കുറയുകയും ഇതുമൂലം വെള്ളപ്പൊക്കമുണ്ടായി നിരവധി പേരുടെ സ്ഥലങ്ങളുടെ അതിരുകള്‍ ഇടിഞ്ഞു പോകുന്നതായി നേരത്തെ പരാതികളുയര്‍ന്നിരുന്നു . ഇതിന്റെ മറ പിടിച്ചാണ് കഴിഞ്ഞ
വെള്ളപ്പൊക്കത്തില്‍ ഒഴുകിവന്നതടക്കം മണലാണ് വാരുന്നതെന്നും നാട്ടുകാര്‍ പറയുന്നു . എന്നാല്‍ മുന്‍ കാലങ്ങളിലെ പോലീസ് , വനം വകുപ്പ് , റവന്യൂ വകുപ്പ് എന്നിവരുടെ രാത്രികാല പരിശോധനകള്‍ ഇല്ലാത്തതാണ് മണല്‍ കടത്തിന് സഹായമാകുന്നതെന്നും പറയുന്നു .

Leave a Reply