മാറ്റ് നോക്കാന്‍ വാങ്ങിയ വീട്ടമ്മയുട സ്വര്‍ണ്ണം കടയുടമ മറിച്ചു വിറ്റതായി പരാതി .

മാറ്റ് നോക്കാനായി വാങ്ങിയ വീട്ടമ്മയുടെ സ്വര്‍ണ്ണം സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉടമ വിറ്റതായി പരാതി. എരുമേലി പൂവത്തുങ്കല്‍ വീട്ടില്‍ സുബൈദ ബഷീറാണ്.

സ്ഥാപനത്തിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ജൂലൈ 10 നായിരുന്നു സംഭവം.എരുമേലി സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന റ്റി.പി ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തില്‍ ആശുപത്രി ആവശ്യത്തിനായി സ്വര്‍ണ്ണം പണയം വച്ച സുബൈദയുടെ കയ്യില്‍ ധരിച്ചിരുന്ന കല്ല് പതിച്ച മറ്റൊരു മോതിരത്തിന്റെ മാറ്റ് നോക്കാന്‍ കടയുടമ ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് മോതിരം നല്‍കിയെങ്കിലും മാറ്റ് നോക്കുന്നയാള്‍ പുറത്ത് പോയിരിക്കുകയാണെന്നും നിങ്ങള്‍ ആശുപത്രിയില്‍ പോയി മടങ്ങിവരുമ്പോള്‍ മോതിരം മാറ്റ് നോക്കി തരാമെന്നും കടയുടമ പറഞ്ഞതായും ഇവര്‍ പറയുന്നു.എന്നാല്‍ ആശുപത്രിയില്‍ നിന്നും വന്നപ്പോള്‍ സ്ഥാപനം അടച്ചു പോയതിനാല്‍ പിറ്റേ ദിവസം സ്ഥാപനത്തിലൈത്തിയപ്പോഴാണ് മോതിരം വിറ്റതായി കടയുടമ പറഞ്ഞതെന്നും അവര്‍ പരാതിയില്‍ പറയുന്നു.ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് വിറ്റ മോതിരത്തിന് പകരമായി 8500 രൂപയും, 12500 രൂപ വില വരുന്ന
മോതിരവും നല്‍കി തന്നെ ഉടമ കബളിപ്പിച്ചുവെന്നും ഇവര്‍ പറഞ്ഞു.മോതിരത്തില്‍ വില പിടിപ്പുള്ള കല്ല് ഉണ്ടായിരുന്നുവെന്നും ഇത് തട്ടിയെടുക്കാനാണ് മോതിരം വിറ്റതായുള്ള കഥ പറഞ്ഞതെന്നും സുബൈദ പറഞ്ഞു.

സംഭവം സംബന്ധിച്ച് എരുമേലി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നല്‍കി.എന്നാല്‍ കല്ല് പതിച്ച മോതിരം വിറ്റു നല്‍കണമെന്നാവശ്യപ്പെട്ടതനുസരിച്ചാണ് അത് വിറ്റതെന്നും സ്ഥാപന ഉടമ റ്റി.പി ജോസഫ് പറഞ്ഞു.ഇവര്‍ ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു മോതിരവും , ബാക്കി പണവും നല്‍കിയെന്നും ഉടമ പറയുന്നു.പരാതിക്ക് പിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും റ്റി പി .ജോസഫ് പറയുന്നു.സുബൈദയുടെ പരാതി ലഭിച്ചതായും എന്നാല്‍ വിറ്റ സ്വര്‍ണ്ണത്തിന്റെ പണം വാങ്ങിയതിന് ശേഷം പോലീസില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും എരുമേലി എസ് എച്ച് ഒ ആര്‍.മധു പറഞ്ഞു .