മണ്ണാര്‍ക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഈ മാസം 30-ന് വിധി പ്രസ്താവിക്കും. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തിമവാദം കേള്‍ക്കല്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയുന്ന ദിവസം പ്രഖ്യാപിക്കുന്നതിനായി കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു.കേസിന്റെ വിചാരണയില്‍ 122 സാക്ഷികളാണ് ഉണ്ടായിരുന്നത്. വിചാരണ തുടങ്ങിയതിനുശേഷം അഞ്ച് സാക്ഷികളെക്കൂടി ചേര്‍ത്തതോടെ 127 പേരായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28-നാണ് മണ്ണാര്‍ക്കാട് എസ്.സി-എസ്.ടി. പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയത്. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കിയ, മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടായിരുന്ന എം. രമേശന്‍, മധുവിന്റെ ജാതിസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ അട്ടപ്പാടി ട്രൈബല്‍ തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, കൂടാതെ വിവിധ ടെലിഫോണ്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ മൂന്നുപേര്‍ എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ ചേര്‍ത്ത് വിസ്തരിച്ചത്. മധു വധക്കേസില്‍ വിചാരണ തുടങ്ങിയശേഷം പ്രോസിക്യൂട്ടര്‍മാര്‍ ചുമതലയേല്‍ക്കാതിരുന്നതും പിന്നീട് ചുമതലയേറ്റ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. രാജേന്ദ്രനെ മാറ്റാന്‍ കുടുംബം തന്നെ ആവശ്യപ്പെട്ടതും കേസിന്റെ നാള്‍വഴികളില്‍ ചര്‍ച്ചയായിരുന്നു. പിന്നീടാണ് രാജേഷ് എം. മേനോന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തേക്ക് വന്നത്.