Sunday, April 28, 2024
NewsObituary

മധുവിന്റെ കൊലതപാകം 16 പേരില്‍ 14 പേരും കുറ്റക്കാര്‍

2018 ഫെബ്രുവരി 22. അന്നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദ്ദനത്തിനും വിധേയനായി മധു എന്ന യുവാവിന് ജീവന്‍ നഷ്ടപ്പെട്ടത്. ആഹാരസാധനങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ആള്‍ക്കൂട്ടവിചാരണ നേരിടേണ്ടി വന്ന മധു നിസ്സഹായനായ, മനോദൗര്‍ബല്യമുള്ള, അതിദരിദ്രനായ ഒരു 27കാരനായിരുന്നു. സാംസ്‌കാരിക പ്രബുദ്ധതയ്ക്ക് പേര് കേട്ട കേരളത്തെയൊന്നാകെ നാണക്കേടിന്റെ ആഴങ്ങളിലേക്ക് തള്ളിവിടാന്‍ ആ സംഭവം കാരണമായി.                                                                                         മധുവിനെ വിചാരണ ചെയ്യുന്നത്, ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കു മുമ്പില്‍ നിസ്സഹായനായ ഒരു മനുഷ്യന്‍ ദൈന്യതയോടെ നില്‍ക്കുന്നത്, കൊടുംകുറ്റവാളിയെന്ന് മുദ്രകുത്തി അയാളെ മര്‍ദ്ദിക്കുന്നത് ഒക്കെ ദൃശ്യങ്ങളായി കേരളജനതയ്ക്ക് മുമ്പിലെത്തി. ഒരു നേരത്തെ ആഹാരത്തിനാണ് മധു ജീവന്‍ കൊണ്ട് വിലനല്‍കേണ്ടി വന്നത്. ഇന്ത്യയൊട്ടാകെ വിഷയം ചര്‍ച്ചയായി. ലോകത്തിനു മുന്നില്‍ത്തന്നെ കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിധി വന്നിരിക്കുന്നു. പ്രതികളായ 16 പേരില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഒടുവില്‍ മധുവിന് നീതി കിട്ടിയെന്ന് സമൂഹം ആശ്വസിക്കുന്നു. അപ്പോഴും, കൈകള്‍ ബന്ധിപ്പിക്കപ്പെട്ട് ദൈന്യതയോടെ ചുറ്റിലും ഉറ്റുനോക്കിയ ആ മുഖം ബാക്കിവെക്കുന്ന നൊമ്പരം കേരളമനസാക്ഷിയെ അലോസരപ്പെടുത്തുന്നത് തന്നെയാണ്.                                                                                                  അട്ടപ്പാടി ചിണ്ടക്കി സ്വദേശിയായ മധുവിന് അച്ഛന്‍ മരിച്ചതോടെ ഏഴാം ക്ലാസ്സില്‍ വച്ച് പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് സംയോജിത ഗോത്രവികസനപദ്ധതിയുടെ ഭാഗമായി പാലക്കാട് പോയി മരപ്പണിയില്‍ പരിശീലനം നേടി. തുടര്‍ന്ന് ജോലിക്കായി ആലപ്പുഴയ്ക്ക് പോയി. എന്നാല്‍, അവിടെവെച്ച് ഒരു സംഘര്‍ഷത്തിനിടയില്‍ പെടുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് മധു പഴയതുപോലെയായിരുന്നില്ല. നാട്ടില്‍ മടങ്ങിയെത്തിയ മധു അലഞ്ഞുനടക്കാന്‍ തുടങ്ങി. കാട്ടിലേക്ക് കയറുന്നതും ഗുഹകളില്‍ താമസിക്കുന്നതും പതിവായി. വല്ലപ്പോഴുമൊക്കെ നാട്ടിലെത്തി മടങ്ങിയിരുന്നു. ഇങ്ങനെ കാടിറങ്ങിയെത്തിയ മധു മുക്കാലിയിലെ കടയില്‍ നിന്ന് അരിയും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം അയാളെ വിചാരണ ചെയ്തതും മര്‍ദ്ദിച്ച്                                                                                    കൊലപ്പെടുത്തിയതും.വിചാരണയിലും മര്‍ദ്ദനത്തിലും മാത്രം ഒതുങ്ങിയില്ല ആള്‍ക്കൂട്ടത്തിന്റെ ക്രൂരത. മധുവിനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അവര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. മര്‍ദ്ദനമേറ്റ് തളര്‍ന്നിരുന്ന മധുവിനൊപ്പമുള്ള സെല്‍ഫി അതിസാഹസിക ദൃശ്യം എന്ന തരത്തില്‍ അവര്‍ അവതരിപ്പിച്ചു. ഇതായിരുന്നു പുറത്തുവന്ന ദൃശ്യങ്ങളില്‍ ഏറ്റവും വേദനാജനകം. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ഈ ദൃശ്യങ്ങള്‍ രാജ്യമൊട്ടാകെ ചര്‍ച്ചയായി. ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കി. കേരളം പ്രതിക്കൂട്ടിലായി. പ്രതികള്‍ക്കെതിരെ മുറവിളി ഉയര്‍ന്നു.

 

 

വിഷയത്തില്‍ കേസെടുത്ത പൊലീസ് 16 പ്രതികളെ അറസ്റ്റ് ചെയ്തു.2018 മേയില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് കേസ് അന്തിമഘട്ടത്തിലെത്തിയത്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വിചാരണക്കോടതിയില്‍ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല എന്നതായിരുന്നു ആദ്യ കടമ്പ. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ താത്പര്യം കാണിക്കാതിരുന്നതും ആദ്യഘട്ടത്തില്‍ പ്രതിസന്ധിയായി. ഒരു കേസിനുവേണ്ടിമാത്രം സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണോ എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പിന്നീട് നിയമനം നടന്നിട്ടും പ്രതിസന്ധി അവസാനിച്ചില്ല.                                                                             ആ പദവിയില്‍ ആളുകള്‍ മാറിമാറിവന്നത് കേസിന് തിരിച്ചടിയായി. സാക്ഷികള്‍ പലരും കൂറുമാറി. കേസിന്റെ നീതിപൂര്‍വ്വമായ നടപടി എന്ന ആവശ്യമുന്നയിച്ച് മധുവിന്റെ കുടുംബം പലതവണ നിയമവഴികളിലും അധികാരികള്‍ക്കു മുമ്പിലും അപേക്ഷ നല്‍കി. ഒടുവില്‍ 2023 മാര്‍ച്ച് 10ന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. 2023 ഏപ്രില്‍ നാലിന് 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.