Tuesday, May 7, 2024
keralaNews

സ്റ്റുഡന്‍സ് പോലീസ് . സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്

കോഴിക്കോട്: എസ്പിസിയില്‍ മതപരമായ വേഷം അനുവദിക്കാനാവില്ലെന്ന ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ്. സ്റ്റുഡന്റ് പൊലീസില്‍ മതത്തിന്റെ ഭാഗമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും വനിതാ ലീഗ് പ്രസിഡന്റ് സുഹ്‌റ മമ്പാട് പ്രതികരിച്ചു. മതവിശ്വാസപ്രകാരമുള്ള വസ്ത്രങ്ങള്‍ എസ്പിസിയുടെ മതേതര സ്വഭാവത്തെ ബാധിക്കുമെന്നത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്ത:സത്തക്ക് വിരുദ്ധമാണ്.                                                      മുഴുനീളക്കൈയുള്ള ഉടുപ്പും – ഹിജാബും അനുവദിക്കണമെന്ന് കാട്ടി കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

എസ്പിസിയില്‍ മതപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. നിരവധി മുസ്ലിം വിദ്യാര്‍ത്ഥികള്‍ എസ്പിസിയുടെ ഭാഗമായി പരിശീലനം നേടിയിട്ടുണ്ടെന്നും ഇത്തരമൊരു ആവശ്യം ആരുമുന്നയിച്ചിട്ടില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.കാക്കി പാന്റ്, കാക്കി ഷര്‍ട്ട്, കറുത്ത ഷൂ, കാക്കി സോക്സ്, നീല നിറത്തിലുള്ള ബെറെറ്റ് തൊപ്പി എന്നിങ്ങനെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നിലവിലെ യൂണിഫോം. മാത്രമല്ല, പദ്ധതി നടപ്പാക്കിത്തുടങ്ങിയത് മുതല്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളാണ് എസ്പിസിയിലുള്ളത്. കേരളാ പോലീസിന്റെ ഏറ്റവും പ്രശംസിക്കപ്പെട്ട പദ്ധതിയായിരുന്നു സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി.                                            എസ്പിസിയില്‍ മുഴുനീളക്കൈയുള്ള ഉടുപ്പും – ഹിജാബും അടങ്ങുന്ന മതപരമായ വേഷം അനുവദിക്കില്ലെന്ന തീരുമാനം ഇന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. മതപരമായ വസ്ത്രങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഭരണഘടനയുടെ 19 (2) വകുപ്പ് പ്രകാരം കൃത്യമായ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയില്‍ മത, ജാതി, വംശ, ലിംഗ ഭേദമന്യേ ഒരുമയുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. അതുകൊണ്ട് തന്നെ ഹര്‍ജിക്കാരിയുടെ ഈ ആവശ്യം അനുവദിക്കാനാകില്ലെന്നും സംസ്ഥാനസര്‍ക്കാരും വ്യക്തമാക്കുന്നു.

കേരളാ പൊലീസില്‍ മതഭേദമന്യേ എല്ലാ ഉദ്യോഗസ്ഥരും ഒരേ യൂണിഫോമാണ് ധരിക്കുന്നത്. അവിടെ മതപരമായ ഒരു ചിഹ്നങ്ങളും അനുവദനീയമല്ല. അതേ സംവിധാനം തന്നെയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റും പിന്തുടരുന്നത്. എന്‍സിസി, സ്‌കൗട്ട് കേഡറ്റ് സംവിധാനത്തിലും സമാനമായ രീതിയില്‍ ഒരേ യൂണിഫോമാണുള്ളത്.കുട്ടികളില്‍ അച്ചടക്കം, നിയമബോധം, പൗരത്വബോധം, എന്നിവ വളര്‍ത്താനായി രൂപീകരിച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ എന്തിനേക്കാള്‍ പ്രാധാന്യം രാജ്യത്തിനാണെന്നും, ഇത് കേരളാ പൊലീസിന്റെ ഒരു ഉപവിഭാഗമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കുന്നു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റില്‍ അംഗത്വമെടുക്കാന്‍ മുസ്ലിം സമുദായത്തില്‍ നിന്ന്ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അതിനുള്ള അവസരമില്ലാതെ വരികയാണെന്ന് പെണ്‍കുട്ടി ഹര്‍ജിയില്‍ വാദിച്ചിരുന്നു. എന്നാല്‍ എസ് പി സിഒരു നിര്‍ബന്ധിത സേവനം അല്ലെന്നും തീര്‍ത്തും വൊളന്ററിയായി മാത്രം കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സര്‍വീസാണെന്നും ആഭ്യന്തരവകുപ്പ് ചൂണ്ടിക്കാട്ടുന്നു.