Wednesday, May 15, 2024
indiaNews

ഇന്ന് ദീപാവലി

തിരുവനന്തപുരം: ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീരാമ ദേവന്റെയും ലക്ഷ്മീ ദേവിയുടെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുന്ന സുദിനമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി തിഥിയില്‍ ആഘോഷിക്കുന്ന ദീപാവലിയെ സംബന്ധിച്ച് പല ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്. അതില്‍ കേരളത്തില്‍ പ്രധാനം ശ്രീകൃഷ്ണന്‍ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷം എന്ന സങ്കല്പത്തിനാണ്. ഉത്തരേന്ത്യയില്‍ ചിലര്‍ക്ക് ശ്രീരാമന്‍ രാവണ നിഗ്രഹം കഴിഞ്ഞ് അയോദ്ധ്യയില്‍ തിരിച്ചെത്തിയ ദിനമാണ് ദീപാവലി.                                        ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി ഭക്തരുടെ ഗൃഹങ്ങളിലെത്തി അനുഗ്രഹം ചെരിയുന്ന ദിവസമായാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദീപാവലി കൊണ്ടാടുന്നത്. നരകാസുര നിഗ്രഹത്തിന് ശ്രീകൃഷ്ണ ഭഗവാനെ അനുഗമിച്ച ഭൂമിദേവിയുടെ അംശമായ പത്‌നി സത്യഭാമ അളവറ്റ അനുഗ്രഹം വര്‍ഷിക്കുന്ന ദിവസമായും ദീപാലിയെ കണക്കാക്കുന്നു. പാലാഴി മഥനവേളയില്‍ ലക്ഷ്മി ദേവി അവതരിച്ച ദിനമായി സങ്കല്പിച്ച് ദീപാവലിക്ക് ലക്ഷ്മിപൂജ നടത്തുന്നവരും ധാരാളമാണ്. ഈ സങ്കല്പ പ്രകാരം ദീപാവലിയുടെ തലേ ദിവസം ധന്വന്തരി പൂജയ്ക്ക് വളരെ വിശേഷമാണ്. എന്നാല്‍ തൃക്കാര്‍ത്തിക നാളിലാണ് ലക്ഷ്മീ ദേവി സമുദ്ര സമുദ്ഭവയായത് എന്ന ഐതിഹ്യത്തിനാണ് കേരളത്തില്‍ ഏറെ പ്രചാരം. സൗമ്യ ദേവനായ ശ്രീകൃഷ്ണനെ ശത്രു സംഹാര ഭാവത്തിലാണ് ദീപാവലി ദിവസം ആരാധിക്കുന്നത്.                                                                                                              ശത്രുസംഹാരഭാവത്തിലുള്ള ശ്രീകൃഷ്ണമൂര്‍ത്തിയുടെ മന്ത്രജപങ്ങളാലാണ് ഇവിടെ ദീപാവലി ദിവസത്തെ പവിത്രമാകുന്നത്. ഈ വര്‍ഷത്തെ ദീപാവലി 2021 നവംബര്‍ 4, 1197 തുലാം 19 വ്യാഴാഴ്ചയാണ്. ദീപാവലി വ്രതമെടുക്കുന്നത് ഏറ്റവും പുണ്യകരവും ഇഷ്ട കാര്യസിദ്ധിക്ക് ഉത്തമവുമാണ്. തലേദിവസം അസ്തമയശേഷം വ്രതം തുടങ്ങുക. മത്സ്യമാംസാദികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. അരിയാഹാരം പാടില്ല. ലഘുഭക്ഷണം ആകാം. ആരോഗ്യമുള്ളവര്‍ ദീപാവലി ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് വ്രതമെടുക്കുക. മറ്റുള്ളവര്‍ക്ക് ഇളനീര്‍, പഴങ്ങള്‍ മുതലായവ കഴിക്കാം. ദീപാവലിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. മൂന്നു ദിവസവും വിഷ്ണുക്ഷേത്രദര്‍ശനം നല്ലത്.
ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് ദിവസം വരെ ആചരിക്കാറുണ്ട്. ദക്ഷിണേന്ത്യയില്‍ ദീപാവലി ആചരിക്കുന്നത് ഒരു ദിവസമാണ്. നരകചതുര്‍ദ്ദശി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ശ്രീകൃഷ്ണന്‍ പരമ ദ്രോഹിയായ നരകാസുരനെ വധിച്ച് 16000 കന്യകമാരെ കാരാഗ്രഹത്തില്‍ നിന്നും മോചിപ്പിച്ച പുണ്യദിനത്തിന്റെ ഓര്‍മ്മ ഉണര്‍ത്തുന്ന ദീപോത്സവമായ ദീപാവലി, മനുഷ്യരില്‍ കുടികൊള്ളുന്ന തിന്മ എന്ന അന്ധകാരത്തെ നിഗ്രഹിച്ച് നന്മയുടെ പ്രകാശത്തിലേക്ക് നയിക്കുക എന്ന സന്ദേശവും നല്‍കുന്നത്.