Saturday, May 4, 2024
keralaNewspolitics

സില്‍വര്‍ലൈന്‍ വിഷയത്തിലെ അടിയന്തരപ്രമേയം നിയമസഭ തളളി.

സില്‍വര്‍ലൈന്‍ വിഷയത്തിലെ അടിയന്തരപ്രമേയം നിയമസഭ തളളി. പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷ നിരയില്‍ നിന്ന് പി.സി. വിഷ്ണുനാഥാണ് വിഷയം അവതരിപ്പിച്ചത്. സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കിക്കൊണ്ട് നിയമസഭയില്‍ സര്‍ക്കാര്‍ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന വികസന പദ്ധതിയെ കുറിച്ച് അടിയന്തര പ്രമേയ നോട്ടിസ് വന്ന സ്ഥിതിക്ക് സഭനിറുത്തി വെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുകയായിരുന്നു.

സില്‍വര്‍ ൈലന്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി.പദ്ധതി വേഗം നടപ്പാക്കണമെന്ന് പൊതുവികാരമെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായിട്ടില്ല പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലന്നും,മതിലുകളുയരില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനില്‍ കടമെടുപ്പിനെതിരായ ആരോപണം അടിസ്ഥാനമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടക്കെണിവാദം വികസനമുന്നേറ്റത്തിന് തുരങ്കം വയ്ക്കാനാണെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആരോപിച്ചു. ‘സില്‍വര്‍ലൈന്‍ പദ്ധതി ഭാവിക്ക് ഉതകുന്നത്. എതിര്‍ക്കേണ്ടതല്ല. എന്തെങ്കിലും ചര്‍ച്ച ചെയ്യേണ്ടതുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഇരകളാകുന്നത് കേരളം മുഴുവനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കെ.എസ്.ആര്‍.ടി.സിയെ സ്വാഭാവികമരണത്തിന് വിട്ടുകൊണ്ടാണ് സില്‍വര്‍ലൈന്‍ വരുന്നത്. മറ്റ് പൊതുഗതാഗതസംവിധാനങ്ങളെ വിഴുങ്ങുന്നതാണ് സില്‍വര്‍ലൈനെന്നും ചെലവ് രണ്ടുലക്ഷം കോടി കടക്കുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.സില്‍വര്‍ലൈന്‍ പദ്ധതിക്കുളള വിഭവങ്ങള്‍ എവിടെ നിന്നെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. പശ്ചിമഘട്ടമലനിരകള്‍ മുഴുവന്‍ ഇടിച്ചുനിരത്തിയാലും പദ്ധതിക്ക് മതിയാകില്ലെന്നും സതീശന്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡേറ്റകളില്‍ കൃത്രിമം നടന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. ഡേറ്റ കൃത്രിമം ക്രിമിനല്‍കുറ്റമാണ്, ഇത് ചെയ്തവര്‍ ജയിലില്‍ പോകേണ്ടിവരുമെന്നും സതീശന്‍ പറഞ്ഞു.