Wednesday, May 8, 2024
keralaNewsObituary

പഞ്ചായത്തംഗത്തിനെതിരെ ആസിഡ് ആക്രമണം; പ്രതിയായ സിപിഐ നേതാവ് മധുരയില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം മാറനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയായ സിപിഐ നേതാവിനെ മധുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ സ്വദേശിയും കാട്ടാക്കട മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ സജികുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മധുരയിലെ ലോഡ്ജ് ഉടമയാണ് സജികുമാറിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. സംഭവം അറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മധുരയിലേക്ക് പുറപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന സിപിഐ മാറനല്ലൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും മാറനല്ലൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാറനല്ലൂര്‍ ദിയാന ഹൗസില്‍ എ.ആര്‍.സുധീര്‍ഖാനെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആദ്യം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റു എന്നാണു കരുതിയത്. പിന്നീടാണ് ആസിഡ് ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രാവിലെ സുധീര്‍ഖാന്‍ കിടന്നിരുന്ന മുറിയില്‍ മരിച്ച സജികുമാര്‍ എത്തിയിരുന്നെന്ന് സുധീര്‍ഖാന്റെ ഭാര്യ പൊലീസിന് മൊഴി നല്‍കിയിരുന്നു.