Saturday, May 4, 2024
keralaNewspolitics

ശബരിമലയും പമ്പയും സമരഭൂമിയായി മാറ്റാന്‍ അനുവദിക്കില്ല; സേവാ സമാജം

പത്തനംതിട്ട: പവിത്രമായ ശബരിമലയും അതിന്റെ പരിസര പ്രദേശങ്ങളങ്ങളും പമ്പയും സമരഭൂമിയാക്കി മാറ്റുന്ന ഒരു നീക്കവും അഭികാമ്യമല്ലെന്നു ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍ അഭിപ്രായപ്പെട്ടു.

അഖിലഭാരത അയ്യപ്പ സേവാ സംഘത്തിനുള്ളില്‍ നടക്കുന്ന ചില അഴിമതികള്‍ക്കും, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും എതിരായി ശബരിമലയിലും പമ്പയിലും പ്രതിഷേധ സമരം നടത്തുവാന്‍ അയ്യപ്പ സേവാ സംഘം സംരക്ഷണ സമിതി എന്ന സംഘടന തീരുമാനിച്ചതായി പത്രമാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞു. വൃശ്ചികം ഒന്നിന് ശബരിമലയിലും പമ്പയിലും ഉള്ള അയ്യപ്പ സേവാ സംഘം കാര്യാലയങ്ങള്‍ക്കു മുന്‍പില്‍ ശരണഘോഷ പ്രതിഷേധ ധര്‍ണ നടത്തുവാനുദ്ദേശിക്കുന്നതായാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്.

ഏതെങ്കിലും സംഘടനയുടെയോ വ്യക്തികളുടെയോ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ശബരിമലയെയോ പമ്പയെയോ സമരഭൂമിയാക്കാനുള്ള നീക്കത്തെ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. 2018- ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ആചാര ലംഘനം നടത്താനിരുന്നവരെ തടഞ്ഞത് പോലെയല്ല ഇത്. ഇതൊരു സംഘടനയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. അത് മധ്യസ്ഥര്‍ മുഖേനയോ കോടതി മുഖേനയോ പരിഹരിക്കേണ്ട ഒന്നായിട്ടാണ് ശബരിമല അയ്യപ്പ സേവാ സമാജം കാണുന്നത്. അതല്ലെങ്കില്‍ തക്കതായ തെളിവുകളോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സമീപിച്ചു പരാതി രേഖപ്പെടുത്താവുന്നതാണ്.

അയ്യപ്പഭക്തന്മാര്‍ക്കു നിസ്വാര്‍ത്ഥ സേവനം ചെയ്യണമെന്ന ഒരൊററ സദുദ്ദേശത്തോടെ സ്ഥാപിച്ച അഖിലഭാരത അയ്യപ്പസേവാസംഘം എന്ന പ്രസ്ഥാനത്തിന്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനേക്കാള്‍ പഴക്കമുണ്ട്. അത്രയും ഭവ്യമായ ഒരു പ്രസ്ഥാനത്തിനെ, ചില വ്യക്തികളുടെ വീഴ്ചക്ക് എതിരായി പൊതുജന മധ്യത്തില്‍ താറടിച്ചു അപഹാസ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും, പത്ര വാര്‍ത്തകളും ഭക്തജന ഹൃദയങ്ങളില്‍ ഏറെ വിഷമം സൃഷ്ടിച്ചു മുറിവേല്‍പ്പിക്കുന്നതായിരിക്കും. ആയതുകൂടി മനസ്സിലാക്കി ബന്ധപ്പെട്ട സംഘടനകള്‍ പത്രമാധ്യമങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ കൊടുക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട് എന്നും ഈറോഡ് രാജന്‍ പറഞ്ഞു. അയ്യപ്പസേവാസംഘം സംരക്ഷണ സമിതി ശബരിമലയിലും പമ്പയിലും നടത്താനുദ്ദേശിക്കുന്ന സമരപരിപാടികളില്‍ നിന്നും പിന്‍വാങ്ങി, പ്രസ്തുത പുണ്യസങ്കേതങ്ങളുടെ പവിത്രതയും സങ്കല്‍പ്പങ്ങളും എന്നെന്നും സംരക്ഷിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ വൈസ് ചെയര്‍മാന്‍. സ്വാമി.അയ്യപ്പദാസ്, സംസ്ഥാന അധ്യക്ഷന്‍ ബ്രഹ്‌മശ്രീ.അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി മുതലായവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.