Thursday, May 2, 2024
indiaNewsworld

ഹാര്‍കിവ് വിട്ടൊഴിയാന്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി 

കീവ്: യുക്രൈനിലെ ഹാര്‍കിവ് വിട്ടൊഴിയാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. യുക്രൈന്‍ സമയം വൈകുന്നേരം ആറു മണിക്ക് മുമ്പ്ഹാര്‍കിവ് ഒഴിയണമെന്ന് എംബസിയുടെ നിര്‍ദേശം. ഹാര്‍കിവില്‍ നിന്ന് അതിര്‍ത്തിയിലുള്ള പെസോച്ചിന്‍, ബബാലിയ, ബേസ്ലിയുഡോവ്ക എന്നീ ഗ്രാമങ്ങളിലേക്ക് ആറു മണിക്കു മുമ്പ് മാറിക്കൊള്ളാനാണ് നിര്‍ദേശം.കേന്ദ്ര സര്‍ക്കാര്‍ രക്ഷാ ദൗത്യത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനിടേയാണ് എംബസി പുതിയ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഹാര്‍കിവില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.ഹാര്‍കിവില്‍ കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ കൊല്ലപ്പെട്ടിരുന്നു. ബങ്കറില്‍ നിന്ന് ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു നവീനുനേരെ ഷെല്ലാക്രമണമുണ്ടായത്.
ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 21 പേര്‍ കൊല്ലപ്പെട്ടെന്നും 112 പേര്‍ക്ക് പരുക്കേറ്റെന്നും ഹാര്‍കീവ് മേയര്‍ അറിയിച്ചു. റഷ്യന്‍ സേന എല്ലാ മേഖലയില്‍ നിന്നും മുന്നേറ്റത്തിന് ശ്രമിക്കുകയാണെന്നും പരമാവധി ചെറുത്തുനില്‍ക്കുന്നതായും യുക്രെയ്ന്‍ സേന വ്യക്തമാക്കി. റഷ്യ ജനവാസമേഖലയില്‍ ആക്രമണം നടത്തുന്നെന്നും യുക്രെയ്ന്‍ ആരോപിച്ചു. തെക്കന്‍ മേഖലയിലെ ഖേഴ്‌സന്‍ നഗരത്തിന്റെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തെന്ന് റഷ്യ അവകാശപ്പെട്ടു. കീവ് നഗരത്തെ ലക്ഷ്യമാക്കിയുളള 60 കിലോമീറ്റര്‍ ദൈര്‍ഘ്യം റഷ്യന്‍ സേനാവ്യൂഹത്തിന്റെ നീക്കം മന്ദഗതിയിലാണ് .കീവിലും കനത്ത ചെറുത്തുനില്‍പ് തുടരുന്നതായാണ് സൂചനകള്‍.