Saturday, May 4, 2024
EntertainmentindiaNewsObituary

ലതാ മങ്കേഷ്‌കര്‍ .. നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ്വത; അനുശോചിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ദൈവിക ശബ്ദം എന്നെന്നേക്കുമായി നിശ്ശബ്ദമായിരിക്കുന്നു എന്ന് രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.കൊറോണാനന്തര ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മുംബൈയില്‍ വെച്ചായിരുന്നു ലതാ മങ്കേഷ്‌കറിന്റെ അന്ത്യം. ‘നൂറ്റാണ്ടുകള്‍ക്കിടയില്‍ മാത്രം സംഭവിക്കു

ന്ന അപൂര്‍വ്വത .. ലതാ മങ്കേഷ്‌കര്‍ . ഉന്നതമായ മാനവികതയും ഉദാത്തമായ സ്നേഹവും നിറഞ്ഞ വ്യക്തിത്ത്വം. ഞാന്‍ ലതാ ദീദിയെ കണ്ടുമുട്ടിയപ്പോഴെല്ലാം ആ മുഖത്ത് ഒരു പ്രത്യേക ചൈതന്യം എന്നും നിലനിന്നിരുന്നു. ദീദിയുടെ ദൈവിക ശബ്ദം എന്നെന്നേക്കുമായി നിശ്ശബ്ദമായിരിക്കുന്നു. എന്നാല്‍ ലതാജിയുടെ ഈണങ്ങള്‍ അനശ്വരമായി നിലനില്‍ക്കും, നിത്യതയില്‍ പ്രതിധ്വനിക്കും’ രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ലതാജിയുടെ വിയോഗം ലോകമെമ്പാടുമുള്ള ആളുകളെ ദുഃഖത്തിലാഴ്ത്തി. ഭാരതരത്ന ഉള്‍പ്പെടെ അനേകം നേട്ടങ്ങള്‍ കൈവരിച്ച അതുല്യപ്രതിഭ. ലതാജിയുടെ നേട്ടങ്ങള്‍ സമാനതകളില്ലാത്തതായി നിലനില്‍ക്കും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സ്വരമാധുര്യംകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ പ്രിയ പാട്ടുകാരിയുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ട് ദിവസം ദു:ഖാചരണം. ലതാമങ്കേഷ്‌കറോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.

മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരുമാസമായി ചികിത്സയില്‍ കഴിയുകയായിരുന്നു ലത മങ്കേഷ്‌കര്‍. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ഗായികയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.