Friday, March 29, 2024
keralaNewspolitics

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നല്‍കി. ഇടതു സ്ഥാനാര്‍ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാര്‍ത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷന്‍ ഏജന്റ് പ്രഫ. ലോപ്പസ് മാത്യു മുഖ്യ തിരെഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്.

ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് യുഡിഎഫ് എന്ന് പരാതിയില്‍ പറയുന്നു. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ഈ സ്ഥാപനം എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു.

കഴിഞ്ഞ കുറെ കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ. മാണിക്കെതിരെ ഉയര്‍ത്തുന്ന ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനം തള്ളിക്കളഞ്ഞതാണെന്നും നേതാക്കള്‍ അറിയിച്ചു. ജോസ് കെ.മാണിയെ തരംതാഴ്ത്തി കാണിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ എതിര്‍ ക്യാംപ് നടത്തുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.