Sunday, May 12, 2024
EntertainmentindiaNewsObituary

ലതാജിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ച് ബോളിവുഡ് ലോകം

മുംബൈ: ഇന്ത്യയുടെ സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മുംബൈയിലെ ‘പ്രഭുകുഞ്ചി’ലെത്തി ബിഗ്-ബി അമിതാഭ് ബച്ചന്‍.ഗാനരചയിതാവ് ജാവേദ് അക്തര്‍, നടന്‍ അനുപം ഖേര്‍, നടി ശ്രദ്ധ കപൂര്‍ മറ്റ് ബോളിവുഡ് താരനിരകളും പ്രഭുകുഞ്ചിലെത്തി ഇന്ത്യയുടെ വാനമ്പാടിയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

മകള്‍ ശ്വേതയ്ക്കൊപ്പമാണ് അമിതാഭ് ബച്ചന്‍ പ്രഭുകുഞ്ചിലെത്തിയത്. വികാരഭരിതനായാണ് ബച്ചന്‍ ലതാ മങ്കേഷ്‌കറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. ഇന്ന് വൈകിട്ട് 6.30ന് മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാരം. ലതാ മങ്കേഷ്‌കറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ടോടെ മുംബൈയിലെത്തും. ഔദ്യോഗിക ബഹുമതികളോടെയാണ് ലതാജിയുടെ സംസ്‌കാരം.
ലതാ മങ്കേഷ്‌കറിനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു.

സ്വരമാധുര്യംകൊണ്ട് ആരാധകരുടെ മനം കവര്‍ന്ന് ഇന്ത്യയുടെ യശസ്സ് വാനോളമുയര്‍ത്തിയ പ്രിയ പാട്ടുകാരിയുടെ നിര്യാണത്തില്‍ രാജ്യത്ത് രണ്ടു ദിവസമാണ് ദുഖമാചരിക്കുന്നത്. ലതാ മങ്കേഷ്‌കറോടുള്ള ആദര സൂചകമായി ഇന്ത്യയുടെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഗായകരില്‍ ഒരാളായ മങ്കേഷ്‌കര്‍ വിവിധ ഭാഷകളിലായി 30,000 ലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. 1942 ല്‍ തന്റെ 13 ാം വയസിലാണ് മങ്കേഷ്‌കര്‍ ഗായകലോകത്ത് തന്റെ സാന്നിധ്യമറിയിച്ചത്.