Sunday, April 28, 2024
keralaNews

റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്ന് പൊലീസ്

കൊച്ചി : ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ മുദ്രാവാക്യം പഠിപ്പിച്ചത് തൃപ്പൂണിത്തുറ സ്വദേശിയെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്നു പൊലീസ്. കുട്ടിയുടെ പിതാവ് ഇതിന് സഹായിയായി പ്രവര്‍ത്തിച്ചു. മുദ്രാവാക്യം വിളിക്കുന്ന കാര്യം പിതാവ് നേരത്തേ അറിഞ്ഞിരുന്നു.വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പിതാവ് വിട്ടു നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് കേസില്‍ പ്രതികളായ ഷമീറും സുധീറുമാണ്. പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്റാണ് ഷമീര്‍. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയും കുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുമാണ് സുധീര്‍. ഇയാള്‍ അസ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ അച്ഛന്‍ അസ്‌കറും പഠിപ്പിച്ചിരുന്നു.

മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരന്‍ നേരത്തെ പറഞ്ഞിരുന്നത്. കുട്ടിയെ നേരത്തെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്.കുട്ടിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് നിയമം ലംഘിച്ചതിന് പിതാവിനെതിരെ ഉള്‍പ്പെടെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് മുദ്രാവാക്യം വിളിക്കുന്നതിന് സഹായി ആയി പ്രവര്‍ത്തിക്കുകയും കൊലവിളി മുദ്രാവാക്യം ഏറ്റു വിളിക്കികയും ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി. കേസില്‍ 27ാം പ്രതിയാണ് കുട്ടിയുടെ പിതാവ്.അതേസമയം കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം യഹിയ തങ്ങളെ റിമാന്‍ഡില്‍ വിട്ടു. കഴിഞ്ഞ ദിവസം തൃശൂര്‍ കുന്നംകുളത്തു വെച്ചാണ് ആലപ്പുഴ പൊലീസ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്തത്. വിവാദ മുദ്രാവാക്യം ഉയര്‍ന്ന വിദ്വേഷ റാലിയുടെ മുഖ്യ സംഘാടകനായിരുന്നു യഹിയാ തങ്ങള്‍. ഹൈക്കോടതി ജഡ്ജിമാരെ ആക്ഷേപിച്ച പരാമര്‍ശത്തിലും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.