Monday, May 13, 2024
keralaNews

വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തിരുവനന്തപുരം :വാളേന്തി ഘോഷയാത്ര നടത്തിയ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ പരിപാടി നടത്തിയതിന് ആര്യങ്കോട് പൊലീസാണ് വിശ്വഹിന്ദു പരിഷിത്തിന്റെ പോഷക സംഘടനയായ ദുര്‍ഗാവാഹിനി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. 22ാം തീയതി വൈകുന്നേരമാണ് പരിപാടി നടന്നത്. ആയുധങ്ങളുമായാണ് വനിതകളുടെ സംഘം പ്രകടനം നടത്തിയത്.

വിശ്വഹിന്ദുപരിഷത്തിന്റെ ദുര്‍ഗാവാഹിനിയുടെ നേതൃത്വത്തില്‍ കീഴാരൂരില്‍ ഒരാഴ്ച നീണ്ട പഠന ശിബിരം സംഘടിപ്പിച്ചിരുന്നു. പഠനശിബിരത്തിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് പ്രകടനം നടന്നത്. ആയുധങ്ങളുമായാണ് ചില പെണ്‍കുട്ടികള്‍ പ്രകടനത്തില്‍ പങ്കെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ചില രാഷ്ട്രീയ സംഘടനകളും കാട്ടാക്കട ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു.