Friday, May 3, 2024
keralaNewspolitics

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക കൂടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 3200 രൂപ വീതമാണ് ഇതോടെ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. നേരത്തെ ഒരു മാസത്തെ ഗഡു ഇന്ന് മുതല്‍ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ അടുത്തടുത്ത ദിവസങ്ങളിലായി ആകെ 4800 രൂപ പെന്‍ഷന്‍ ലഭിക്കും. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. ബജറ്റില്‍ പ്രഖ്യാപിച്ചതു പോലെ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.