Friday, May 17, 2024
keralaNews

പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിയ പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ധനായ ഡോ.ഗിരീഷ് ആണ് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണനാണ് പ്രതി കുറ്റക്കാരനെന്ന് വിധിച്ചത്.

പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയുമായി മാതാപിതാക്കള്‍ ഡോ ഗിരീഷിനെ സമീപിച്ചത്. സംഭവം നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രതി പ്രവര്‍ത്തിച്ചിരുന്നത്. ചികിത്സയ്ക്ക് പ്രവേശിപ്പിക്കുമ്പോഴെല്ലാം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തായത്.

ഉടന്‍ മാതാപിതാക്കള്‍ ഈ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിനു ശേഷം ജനം ടിവിയാണ് വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സിപിഎമ്മുമായി അടുത്ത ബന്ധവും ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ള പ്രതിക്കെതിരെ വാര്‍ത്ത നല്‍കാതിരിക്കാന്‍ വലിയ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പല മാദ്ധ്യമങ്ങളും വാര്‍ത്ത തമസ്‌കരിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

ഫോര്‍ട് പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും ഡോ ഗിരീഷ് പ്രതിയാണെന്ന് പോലീസ് കണ്ടെത്തി. കേസില്‍ വീചാരണ ഇനിയും പൂര്‍ത്തിയായിട്ടില്ല.നേരത്തെ ചികിത്സയ്ക്ക് എത്തിയ വിവാഹിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. അന്ന് ഇയാള്‍ സംഭവം ഒത്തുതീര്‍പ്പാക്കിയതിനാലാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടതെന്നും കോടതി കണ്ടെത്തി.