Saturday, May 4, 2024
keralaNews

മൂന്നാര്‍ നല്ലതണ്ണിയില്‍ കാട്ടുകൊമ്പന്മാര്‍ മദം പൊട്ടി ഏറ്റുമുട്ടി.

മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റിലെ കുരുമല ഡിവിഷനില്‍ ഇന്നലെ വെളുപ്പിനു രണ്ട് കാട്ടുകൊമ്പന്മാര്‍ ഏറ്റുമുട്ടി. ഇരുവര്‍ക്കും പരുക്കേറ്റതായി എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞു. ഡിവിഷനില്‍ താമസിക്കുന്ന പ്രവീണിന്റെ ഓട്ടോറിക്ഷയും ഇവ തകര്‍ത്തു. ഇന്നലെ വെളുപ്പിന് ഒരു മണിക്കാണ് ഗണേശന്‍, ചില്ലിക്കൊമ്പന്‍ എന്നീ കാട്ടുകൊമ്പന്മാര്‍ ഏറ്റുമുട്ടിയത്. തേയിലച്ചെടികള്‍ പിഴുതെറിയുകയും ഓട്ടോറിക്ഷ മറിച്ചിടുകയും ചെയ്തു. സാധാരണയായി ഒരു സ്ഥലത്ത് രണ്ടു കൊമ്പന്മാര്‍ ഉണ്ടാവാറില്ല.ഓരോരുത്തര്‍ക്കും സ്വന്തം പ്രദേശമുണ്ട്. അതു വിട്ടുവരുമ്പോഴാണു ഏറ്റുമുട്ടലുകളുണ്ടാവുന്നത്. ഗണേശനും ചില്ലിക്കൊമ്പനും പലപ്പോഴായി മൂന്നാറിലെ നടയാര്‍ റോഡ് വഴി ടൗണിലെത്തി പച്ചക്കറി കടയും പഴക്കടയും നശിപ്പിച്ചു ഭക്ഷണം കഴിക്കാറുണ്ട്. ലഭിച്ച ഒരു ചിത്രത്തില്‍ ചില്ലിക്കൊമ്പനു മദം പൊട്ടിയ പാട് കാണാനായി. ഇതാകാം പോരിനു കാരണമെന്നു പറയപ്പെടുന്നു.വനപാലക സംഘം നിരീക്ഷണം ആരംഭിച്ചു.കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നു രണ്ട് പേര്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശേഖര്‍ (52), മാരിയപ്പന്‍ (53) എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 3ന് ആണു സംഭവം. മാരിയപ്പന്റെ തോട്ടത്തില്‍ ജോലി ചെയ്യുന്നിതിനിടെയാണു കാട്ടുപോത്ത് ഓടിയെത്തിയത്. ഇരുവരും ഓടി മരത്തില്‍ കയറി രക്ഷപ്പെട്ടു. ഇതിനിടെ, മാരിയപ്പനെ പിറകുവശത്തു കുത്തി.നിസ്സാര പരുക്കേറ്റു. ജനുവരി 24ന് പള്ളനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.