Wednesday, May 15, 2024
keralaNews

ദീപുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ട്വന്റി ട്വിന്റി ഏറ്റെടുക്കുമെന്ന് കിറ്റക്സ് എംഡി

കൊച്ചി : സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ദീപുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ട്വന്റി ട്വിന്റി ഏറ്റെടുക്കുമെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ്. ദീപുവിന്റെ സ്ഥാനത്ത് നിന്ന് കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കും. ദീപുവിന്റെ പേരില്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ ഉണ്ടാക്കില്ലെന്നും അതിന് വേണ്ടി പണപ്പിരിവ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദീപുവിന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നത് പാര്‍ട്ടിയുടെ കടമയാണ്. അത് മാത്രമാണ് നിറവേറ്റുന്നത്. കുടുംബത്തിന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കും. എന്നും കുടുംബത്തോടൊപ്പം ഉണ്ടാകും. ഭക്ഷണം മുതല്‍ മരുന്ന് വരെ എല്ലാം ഉറപ്പ് വരുത്തും. ട്വന്റി ട്വിന്റി പ്രവര്‍ത്തകര്‍ രാപകല്‍ വ്യത്യാസമില്ലാതെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.ദീപുവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് കൊറോണ മാനദണ്ഡം ലംഘിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബ് ഉള്‍പ്പെടെ കണ്ടാല്‍ തിരിച്ചറിയുന്ന ആയിരത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്നും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സാബു എം ജേക്കബും രംഗത്തെത്തി.ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു നിയമം, മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമം എന്ന അവസ്ഥയാണ് ഇവിടെ എന്നാണ് ആക്ഷേപം. ഈ കേസില്‍ വിഡി സതീശന്‍ എന്തുകൊണ്ട് പ്രതി ആയില്ലെന്നും സാബു എം ജേക്കബ് ചോദിച്ചു. ചടങ്ങ് നടത്തിയത് പോലീസിന്റെ അനുവാദത്തോടെയായിരുന്നുവെന്നും ഈ പറഞ്ഞ മാനദണ്ഡം പാര്‍ട്ടി സമ്മേളനത്തില്‍ പാലിക്കപ്പെട്ടില്ലെന്നും സാബു ജേക്കബ് ചൂണ്ടിക്കാട്ടി.