Friday, May 3, 2024
indiaNewsObituarypolitics

മുലായം സിങ് യാദവിന്റെ സംസ്‌ക്കാരം നാളെ നടക്കും

ദില്ലി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അന്തരിച്ച മുലായം സിംഗ് യാദവി(82)ന്റെ സംസ്‌കാരം നാളെ 3 മണിക്ക് യുപിയിലെ സായ് ഫായില്‍ നടക്കും. മൂന്ന് ദിവസത്തെ ദുഖാചരണം നടത്തും.യുപിയിലെ മെയിന്‍പുരി ലോക്‌സഭാ സീറ്റില്‍ നിന്ന് വിജയിച്ച മുലായം പാര്‍ലമെന്റ് അംഗമായിരിക്കെയാണ് മരിച്ചത്. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെ ഏറെ നാളായി ഗുഡ് ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിന്ദി ഹൃദയ ഭൂമിയുടെ നേതാജിയെന്ന് വിശേഷിപ്പിച്ച മുലായം 1989-91, 1993-95, 2003-2007 മൂന്ന് തവണ യുപി മുഖ്യമന്ത്രിയായും, 1996 ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായി ചുമതലയേറ്റിരുന്നു.ഇറ്റാവയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്ന് ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്കും, അവിടെ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുമുള്ള മുലായം സിംഗ് യാദവിന്റെ യാത്ര സംഭവ ബഹുലമായിരുന്നു. ഗുസ്തിക്കാരനാക്കണമെന്ന ആഗ്രഹത്തോടെ അച്ഛന്‍ പരിശീലനത്തിന് അയച്ചുവെങ്കിലും അവിടെ വച്ച് പരിചയപ്പെട്ട നട്ടു സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവിലൂടെ രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങി.  രാംമനോഹര്‍ ലോഹ്യയുമായുള്ള അടുപ്പം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്തര്‍പ്രദേശിലെ യുവ മുഖങ്ങളിലൊന്നാക്കി മുലായത്തെ മാറ്റി. 1967ല്‍ 28ാമത്തെ വയസില്‍ സോഷ്യലിസ്‌ററ് ടിക്കറ്റില്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കന്നി അംഗത്തിലൂടെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥയെ നിശിതമായി വിമര്‍ശിച്ചതിന് ജയിലിലടക്കപ്പെട്ടു. ലോഹ്യയുടെ മരണത്തിന് ശേഷം മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ എന്ന വിശാല പ്ലാറ്റ് ഫോമിലേക്ക് മുലായം മാറി.പാര്‍ട്ടിയിലെ പടല പിണക്കത്തില്‍ നാല് വര്‍ഷത്തിന് ശേഷം ചരണ്‍ സിംഗിന്റെ ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയുലേക്ക് ചേക്കേറി, ഇതിന്റെ അധ്യക്ഷനായി. 1989ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. 1990കളുടെ അവസാനം ചന്ദ്രശേഖറിന്റെ ജനതാദളിന്റെ ഭാഗമായി കോണ്‍ഗ്രസ് പിന്തുണയോടെ മുലായം ഭരണം തുടര്‍ന്നു. കേന്ദ്രത്തിലെ സമവാക്യങ്ങള്‍ മാറിയതോടെ തൊട്ടടുത്ത വര്‍ഷം കോണ്‍ഗ്രസ്  പിന്തുണ വലിച്ചതോടെ മുലായത്തിന് അധികാരം നഷ്ടമായി. ഇതിനിടെ സമാജ് വാദി പാര്‍ട്ടി രൂപീകരിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ മുലായം സിംഗ് മായാവതിക്ക് കൈകൊടുത്ത് ഭരണം തിരിച്ചു പിടിച്ചു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്ത മുലായം സംഘപരിവാര്‍ രാഷ്ട്രീയത്തിന് അയോധ്യയെ അജണ്ടയാക്കാനാവില്ലെന്ന് തുറന്നടിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷം പിന്നാക്ക ന്യൂനപക്ഷ വോട്ട് ബാങ്ക് പടുത്തുയര്‍ത്തി കടിഞ്ഞാണ്‍ കൈയിലെടുത്തു.1996 ആയപ്പോഴേക്കും ദേശീയ രാഷ്ട്രീയത്തിലും മുലായം നിറഞ്ഞു നിന്നു. തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം ദേവഗൗഡ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി. സംഭാല്‍, കനൗജ്, അസംഗഡ് കൗജ് മണ്ഡലങ്ങള്‍ പലപ്പോഴായി മുലായത്തിന്റെ തട്ടകങ്ങളായി. മകന്‍ അഖിലേഷ് യാദവും, സഹോദരന്‍ ശിവപാല്‍ യാദവും തമ്മിലുള്ള പോര് മുലായത്തിന്റെ കണ്‍മുന്നില്‍ പാര്‍ട്ടിയുടെ പ്രഭാവം കെടുത്തി. ശിവപാല്‍യാദവിനൊപ്പം നിന്ന മുലായത്തിന് മകനേയും മകന് തിരിച്ചും തള്ളിപ്പറയേണ്ടി വന്നു. മാഫിയ മേധാവിത്വവും, അഴിമതിയും, പാര്‍ട്ടിക്കെതിരെയും മുലായത്തിനെതിരെയും ആരോപണങ്ങളായി ഉയര്‍ന്നത് ഒടുവില്‍ തിരിച്ചടിയായി.