Saturday, April 20, 2024
indiakeralaNewsObituaryUncategorized

ജയില്‍ മാറ്റിത്തരണമെന്ന അപേക്ഷയുമായി ജിഷ കേസ് പ്രതി സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ജയില്‍ മാറ്റിത്തരണമെന്ന അപേക്ഷയുമായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍. കേരളത്തിലെ ജയിലില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. മാതാപിതാക്കളുടെ സാഹചര്യം കണക്കിലെടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഭാര്യയും മാതാപിതാക്കളും അസമിലാണുളളത്. അവര്‍ അതീവ ദാരിദ്ര്യത്തിലാണെന്നാണ് പ്രതി പറയുന്നത്. അതിനാല്‍ തന്നെ എത്രയും വേഗം അസമിലെ ജയിലിലേക്ക് മാറ്റണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. നിലവില്‍ വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ ഇസ്ലാം ശിക്ഷ അനുഭവിക്കുന്നത്. മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെന്നും ഇയാള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. 2016 ഏപ്രില്‍ 28 നാണ് പെരുമ്പാവൂര്‍ സ്വദേശിയും നിയമവിദ്യാര്‍ത്ഥിയുമായ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉള്ളതായും കണ്ടെത്തി. ജൂണ്‍ 16 നാണ് പ്രതി അമീറുള്‍ ഇസ്ലാം തമിഴ്നാട്ടില്‍ നിന്ന് പിടിയിലാകുന്നത്. വഴങ്ങാത്തതിന്റെ പ്രതികാരമായാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. ജിഷയെ കടന്നുപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ക്കുകയായിരുന്നു. ഇതോടെ തന്റെ കൈയ്യിലുളള കത്തിയെടുത്ത് ഇയാള്‍ യുവതിയെ കുത്തിക്കൊല്ലുകയായിരുന്നു എന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.