Monday, April 29, 2024
NewsObituaryworld

എലിസബത്ത് രാജ്ഞിയുടെ വിയോഗം;ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി:എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ഇന്ത്യയും ഔദ്യോഗിക ദു:ഖാചരണം നടത്തും. സെപ്റ്റംബര്‍ 11-നാണ് ഇന്ത്യയില്‍ ദുഃഖാചരണം നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിലാപദിനത്തില്‍ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികള്‍ ഉണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചിരുന്നു. രാജ്ഞിയുടെ ഊഷ്മളതയും ദയയും മറക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. 2015-ലും 2018-ലും നടത്തിയ യുകെ സന്ദര്‍ശന വേളയില്‍ എലിസബത്ത് രാജ്ഞിയുമായുള്ള കൂടിക്കാഴ്ചകള്‍ അവിസ്മരണീയമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിയോഗത്തില്‍ നിരവധി ലോക നേതാക്കളാണ് അനുശോചനമറിയിച്ചത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു രാജ്ഞിയുടെ അന്ത്യം. കിരീടധാരണത്തിന്റെ എഴുപതാം വര്‍ഷത്തിലാണ് രാജ്ഞി വിടവാങ്ങിയത്. 96 വയസായിരുന്നു. അന്ത്യ സമയത്ത് കീരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും രാജ്ഞിയ്ക്കൊപ്പമുണ്ടായിരുന്നു.