Friday, May 3, 2024
keralaNewspolitics

മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 8ന്

പൂഞ്ഞാര്‍ : 4266-ാം നമ്പര്‍ മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തത്തിന്റെ മാറ്റിവച്ച ഭരണസമിതി തെരഞ്ഞെടുപ്പ് 08.10.2022-ാം തീയതി ശനിയാഴ്ച നടത്തുന്നതിന് സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 18 ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ്, സെപ്റ്റംബര്‍ 16 ആം തീയതി അപ്രതീക്ഷിതമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിവച്ചത്. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണ സമിതിയുടെ കാലാവധി തീരുന്ന ഒക്ടോബര്‍ 8 നോ അതിനു മുന്‍പോ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 8 ആം തീയതി തന്നെ തെരഞ്ഞെടുപ്പ് നടത്താനും, ഭരണ സമിതി കാലാവധി പൂര്‍ത്തീകരിക്കുന്നതിനു മുന്‍പു തന്നെ പുതിയ ഭരണസമിതി നിലവില്‍ വരുവാനും പറ്റുന്ന പോലെയാണ് പുതിയ വിജ്ഞാപനം വന്നിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരിക്കും വോട്ടിങ് സമയം. മീനച്ചില്‍ താലൂക്കില്‍പ്പെട്ട പൂഞ്ഞാര്‍ തെക്കേക്കര, അരുവിത്തുറ, ചേന്നാട്, കളത്തൂക്കടവ്, പിണ്ണാക്കനാട്, ഈരാറ്റുപേട്ട പ്രഭാത സായാഹ്ന ബ്രാഞ്ച്, മേലുകാവുമറ്റം, മൂന്നിലവ്, പെരിങ്ങുളം, തീക്കോയി എന്നീ പത്തു ബ്രാഞ്ചുകളിലെ അംഗങ്ങള്‍ക്ക് പൂഞ്ഞാര്‍ തെക്കേക്കര സെന്റ് ആന്റണീസ് ഹൈസ്‌കൂളിലും, കാഞ്ഞിരപ്പള്ളി താലൂക്കിലെ മുണ്ടക്കയം, കൂട്ടിക്കല്‍, എന്തയാര്‍, പാറത്തോട്, കാഞ്ഞിരപളളി, എരുമേലി, മുണ്ടക്കയം ടൗണ്‍, മുക്കൂട്ടുതറ, കാഞ്ഞിരപ്പള്ളി ടൗണ്‍ കൂവപ്പള്ളി എന്നീ പത്തു ബ്രാഞ്ചുകളിലെ അംഗങ്ങള്‍ക്ക് മുണ്ടക്കയം സി.എം.എസ് ഹൈസ്‌കൂളിലും വച്ചാണ് നടത്തപ്പെടുന്നതാണ്.