Saturday, April 20, 2024
keralaNews

യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍.

തിരുവനന്തപുരം : യാത്രക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍. യാത്രക്കാരോട് ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവര്‍ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ഇരുന്ന ബസിലാണ് ഈ ക്രൂരത നടന്നത്. ചിറയിന്‍കീഴ് താത്കാലിക ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ട്രിപ്പിനായി നിര്‍ത്തിയിട്ടിരുന്ന ബസില്‍ ആളുകള്‍ കയറിയിരുന്നു. എന്നാല്‍ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് വനിതാ കണ്ടക്ടര്‍ എല്ലാവരെയും ഇറക്കിവിടുകയായിരുന്നു. നിങ്ങള്‍ ഭക്ഷണം കഴിക്കൂ ഞങ്ങള്‍ ഇവിടെ ഇരുന്നോളാം എന്ന് യാത്രക്കാര്‍ പറഞ്ഞതോടെ ഇവര്‍ ക്ഷുഭിതയാകുകയായിരുന്നു. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വരെ സ്ത്രീയാത്രക്കാര്‍ പുറത്തിറങ്ങുന്നത് വീഡിയോയില്‍ കാണാം. ഏതാനും വനിതാ യാത്രക്കാര്‍ ഇറങ്ങാന്‍ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് വനിതാ കണ്ടക്ടറുടെ അസഭ്യവര്‍ഷം തുടങ്ങിയത്.

‘തൊഴിലുറപ്പിന് പോകുന്നവര്‍ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാന്‍ ആണ് പോകുന്നത്” എന്നാണ് വനിതാ കണ്ടക്ടര്‍ പറഞ്ഞത്. ഒരു വയോധികയ്ക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം.
‘നിങ്ങള്‍ പോയി പോലീസില്‍ പരാതി നല്‍ക് ‘ എന്നും ഇവര്‍ പറയുന്നുണ്ട്. യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയ ശേഷവും ഇവര്‍ അസഭ്യം പറച്ചില്‍ നിര്‍ത്തിയില്ല.

വീഡിയോ പ്രചരിച്ചതോടെ വനിതാ കണ്ടക്ടര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇത്തരത്തില്‍ യാത്രക്കാരെ അപമാനിക്കുന്നവരെ പിരിച്ചുവിടണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. നാള്‍ക്ക് നാള്‍ കടക്കണിയില്‍ മുങ്ങി കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസിയെ, അതിലെ ജീവനക്കാര്‍ തന്നെ യാത്രക്കാരോട് മോശമായി പെരുമാറി വീണ്ടും പടു കുഴിയിലേക്ക് തള്ളിവിടുന്ന രീതിയാണ് എന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.