Friday, May 3, 2024
EntertainmentindiaNews

ഇന്ത്യയില്‍ 5ജി സര്‍വ്വീസ് ആരംഭിച്ചു

ദില്ലി: ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ 5ജി സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവമായ ഇന്ന് തന്നെ എട്ട് നഗരങ്ങളില്‍ 5ജി സേവനം തുടങ്ങുമെന്ന് മൊബൈല്‍ ഡേറ്റ സേവനദാതാക്കളായ എയര്‍ടെല്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യത്തെല്ലായിടത്തും 5ജി സേവനം എത്തിക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. 5ജി സേവനങ്ങളുടെ താരിഫും പ്ലാനുകളും കമ്പനികള്‍ ഉടന്‍ പ്രഖ്യാപിക്കും.രാജ്യത്തെ ടെലികോം രംഗത്തെ പുതിയ തുടക്കമാണിത്, രാജ്യത്തിനുള്ള പുതിയ സമ്മാനമാണിത് – ദേശീയ തലത്തില്‍ 5ജി സേവനത്തിന് ഔദ്യോഗികമായി തുടക്കമിട്ട് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതാണിത്. ദില്ലിയിലെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. രാജ്യത്തെ അഞ്ചാം തലമുറ മൊെൈബല്‍ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ റിലയന്‍സ് ജിയോ മേധാവി മുകേഷ് അംബാനി, എയര്‍ടെല്‍ മേധാവി സുനില്‍ മിത്തല്‍, വോഡഫോണ്‍ഐഡിയയുടെ കുമാര്‍ മംഗളം ബിര്‍ള എന്നിവര്‍ പങ്കെടുത്തു. രാജ്യത്തെ എട്ട് നഗരങ്ങളില്‍ ഇന്നു മുതലും 2024 ല്‍ രാജ്യമാകെയും എയര്‍ടെല്‍ 5 ജി ലഭ്യമാകുമെന്ന് സുനില്‍ മിത്തല്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.    ഡിസംബറില്‍ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. ഉദ്ഘാടനത്തിന് പിന്നാലെ മൂന്ന് സേവനദാതക്കളും വിദ്യാഭ്യാസം , മെഡിക്കല്‍ , തൊഴില്‍ രംഗങ്ങളില്‍ എങ്ങനെ പൊതുജനങ്ങള്‍ക്ക് 5ജി സേവനം മാറ്റം വരുത്തുമെന്നതിന്റെ അവതരണം പ്രധാനമന്ത്രിക്ക് മുന്നില്‍ നടത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികളുമായി 5ജി സേവനം വഴി മോദി സംസാരിച്ചു. രാജ്യത്ത് പുതിയ യുഗത്തിന്റെ തുടക്കമാകും 5ജി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മൂന്ന് മൊബൈല്‍ സേവനദാതക്കളും ഒരുക്കിയ 5ജി സേവനങ്ങളുടെ പ്രദര്‍ശനവും സന്ദര്‍ശിച്ചിരുന്നു.വമ്പന്‍ മുതല്‍ മുടക്കലിലാണ് കമ്പനികള്‍ 5ജി സെപ്ക്ട്രം സ്വന്തമാക്കിയതെങ്കിലും താരിഫ് നിരക്കുകള്‍ ജനങ്ങള്‍ക്ക് താങ്ങാനാകുന്നതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി എത്തുക.2035 ഓടെ ഇന്ത്യയില്‍ 5ജി യുടെ സാമ്പത്തിക സ്വാധീനം 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ജൂലായ് അവസാനം ഏഴുദിവസങ്ങളിലായി 40 റൗണ്ടുകളിലേക്ക് നീണ്ട ലേലത്തിലൂടെയാണ് 5 ജി സ്പെക്ട്രം വിതരണംചെയ്തത്. ലേലത്തുക 1.5 ലക്ഷം കോടി രൂപവരെ ഉയര്‍ന്നിരുന്നു. 51.2 ജിഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തില്‍ പോയത്.