Friday, May 3, 2024
keralaNewspolitics

മാപ്പും പറയില്ല, തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. എംവി ഗോവിന്ദന്‍

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അതിന് ഉദ്ദേശിക്കുന്നേയില്ല. തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. സിപിഎം മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാല്‍ ഒരു കാലത്തും മതവിശ്വാസത്തിനെതിരായ നിലപാട് സിപിഎം എടുത്തിട്ടില്ല. ഷംസീറിനെ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസി ആയും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. എല്ലാ വിശ്വാസികളുടെ വിശ്വാസികളല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസീറിനെ ബിജെപി ലക്ഷ്യം വയ്ക്കുന്നതിന് പിന്നില്‍ കൃത്യമായ വര്‍ഗീയ അജണ്ടയാണ്.                                                                                    ഒന്നിന്റെയും പേരില്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.ഗണപതി മിത്താണ്. അല്ലാതെ ഗണപതി ശാസ്ത്രം ആണെന്ന് പറയാനാകുമോയെന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. ഈ വിവാദങ്ങളുടെയെല്ലാം ലക്ഷ്യം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. കേരളത്തിലെ ജനങ്ങള്‍ ലോക നിലവാരത്തിലെ വിദ്യാഭ്യാസത്തിന് ഒപ്പമെത്തുകയാണ്. ഇങ്ങനെയെന്തെങ്കിലും പറഞ്ഞ് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാന്‍ കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നെഹറുവിന്റെ പുസ്തകങ്ങള്‍ വായിക്കണം. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഗണപതി ക്ഷേത്രത്തില്‍ പോയി വഴിപാട് നടത്തുന്നതില്‍ പാര്‍ട്ടിക്ക് എതിരഭിപ്രായം ഇല്ല. പക്ഷെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കാന്‍ എന്‍എസ്എസ് തയ്യറാകണം.പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയില്‍ റിലയന്‍സ് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞിട്ടുണ്ട്. പുഷ്പക വിമാനത്തിന്റെ കാര്യം ശാസ്ത്ര കോണ്‍ഗ്രസില്‍ ഇതേ പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാക്കുന്നത് തെറ്റാണ്. മിത്തായി അംഗീകരിക്കാം. പരശുരാമന്‍ മഴുവെറിഞ്ഞ് കേരള മുണ്ടാക്കി ബ്രാഹ്‌മണര്‍ക്ക് നല്‍കി എന്നു പറയുന്നു. ബ്രാഹ്‌മണ കാലത്താണോ കേരളം ഉണ്ടായത് . അതിനും എത്രയോ കൊല്ലം മുമ്പ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പി സ്വാമികള്‍ വ്യക്തമാക്കിയിട്ടുണ്ട്.                                                                                                                 വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേലില്‍ കുതിര കയറരുതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.ഭൂമി പരന്നതല്ലെന്ന് പഠിപ്പിച്ചത് ശാസ്ത്രമാണ്. ലോകവ്യാപകമായി ശാസ്ത്രം മാറ്റം വരുത്തുന്നുണ്ട്. എന്നാല്‍ ശരിയായ ദിശാബോധത്തിലാണ് കാര്യങ്ങളെ കാണേണ്ടത്. അണു വിഭജിക്കാനാവില്ലെന്ന് പറഞ്ഞ ശാസ്ത്രം തന്നെ പിന്നീട് അണു വിഭജിക്കാനും ഉഗ്ര സ്‌ഫോടനം നടത്താനും കഴിയുമെന്ന് പറഞ്ഞു. വിശ്വാസികള്‍ക്ക് അഭിപ്രായം പറയാം. എന്നാല്‍ വിശ്വാസത്തെ വിമര്‍ശിച്ചാല്‍ ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കുമെതിരാണെന്ന പ്രചാരവേല ശരിയല്ല.സുരേന്ദ്രന്‍ ലീഗിനെ പേടിച്ചാണോ കോണ്‍ഗ്രസ് മിണ്ടാത്തതെന്ന് ചോദിച്ച ഉടന്‍ കോണ്‍ഗ്രസും രംഗത്ത് വന്നു. കോണ്‍ഗ്രസിന് വേണ്ടി ബിജെപിയും ബിജെപി പറയുന്നത് കോണ്‍ഗ്രസും പറയുകയാണ്. വിചാരധാരകള്‍ കയറിയിറങ്ങട്ടെയെന്ന് പറഞ്ഞ വിഡി സതീശന്റെ ഉള്ളിന്റെയുള്ളില്‍ ഗോള്‍വാര്‍ക്കറാണ്. ശാസ്ത്ര താത്പര്യം അടിസ്ഥാനമാക്കി മനുഷ്യ സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് നൂതന ആശയങ്ങളെ സ്വീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ പ്രവണതകളെ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് അവരുടെ രീതിയില്‍ പ്രതിഷേധിക്കാം. എന്നാല്‍ ആരുടെയും നേരെ കുതിരകയറാനൊന്നും വരേണ്ട. സഹിഷ്ണുതയോടെ കേള്‍ക്കുകയും പറയുകയും മനസിലാക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവണം എന്നാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.