Sunday, April 28, 2024
indiaNews

ബംഗ്ലാദേശില്‍ ബോട്ടിന് തീ പിടിച്ച് 32 പേര്‍ മരിച്ചു

ബംഗ്ലാദേശില്‍ ബോട്ടിന് തീ പിടിച്ച് 32 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം. ഒബിജാന്‍ 10 എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ധാക്കയില്‍ നിന്നും ബര്‍ഗുണയിലേക്ക് യാത്രികരുമായി പോകുകയായിരുന്നു. ഇതിനിടെയായിരുന്നു സംഭവം. നദിയിലൂടെ സഞ്ചരിക്കുന്നതിനിടെ മൂന്ന് നിലകളുള്ള ബോട്ടില്‍ നിന്നും തീ ഉയരുകയായിരുന്നു. പെട്ടെന്നു തന്നെ തീ ബോട്ടിലാകെ വ്യാപിച്ചു. നദിയുടെ മദ്ധ്യത്തിലായിരുന്നതിനാല്‍ ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

തീ ഉയരുന്നതു കണ്ട് യാത്രികരില്‍ ചിലര്‍ നദിയിലേക്ക് എടുത്ത് ചാടി. ചിലര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും ചിലര്‍ മുങ്ങിമരിച്ചു. ബോട്ടില്‍ നിന്നും നദിയില്‍ നിന്നുമായി ആകെ 32 മൃതദേഹങ്ങളാണ് പോലീസ് കണ്ടെടുത്തത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 500 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. പരിക്കേല്‍ക്കാത്തവരെ പോലീസ് ബോട്ടുകളില്‍ സുരക്ഷിത സ്ഥാനത്തേയ്ക്ക് എത്തിച്ചു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.