Sunday, April 28, 2024
indiaNews

ഒമിക്രോണ്‍ ;മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ

ദില്ലി: രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം മുന്നൂറ് കടന്നു. പതിനേഴ് സംസ്ഥാനങ്ങളിലായി 358 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ ബാധിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. വൈറസിന്റെ വ്യാപനം കൂടിയതോടെ ദില്ലിക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂവും ആള്‍ക്കൂട്ടങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. രാത്രി പതിനൊന്ന് മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ. മധ്യപ്രദേശില്‍ ഇന്നു മുതലും യുപിയില്‍ നാളെ മുതലും കര്‍ഫ്യൂ നടപ്പിലാക്കി തുടങ്ങും.

യുപിയില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നരുടെ എണ്ണം ഇരുന്നൂറാക്കി ചുരുക്കി. ആഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ദില്ലിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ച ഒരു ഹോട്ടല്‍ ദുരന്ത നിവാരണ അതോറിറ്റി അടച്ചുപൂട്ടി. കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണിന് ഡെല്‍റ്റയെക്കാള്‍ വ്യാപനശേഷി ഉണ്ടെന്നും രോഗവ്യാപനം തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നടപടി. രാജ്യത്ത് ഇതുവരെ 140 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. രാജസ്ഥാനിലെ ബാര്‍മെറില്‍ വാക്‌സീന്‍ വിതരണത്തിനായി ഒട്ടകപ്പുറത്ത് പോയ ആരോഗ്യപ്രവര്‍ത്തകയെ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ അഭിനന്ദിച്ചു. ദൃഢനിശ്ചയവും ആത്മാര്‍ത്ഥതയും സമ്മേളിക്കുന്നു എന്ന തലക്കെട്ടോടെയാണ് മന്ത്രി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.