Sunday, April 28, 2024
EntertainmentNewsObituary

പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു

ബംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് ബംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മകന്‍ നടന്‍ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുള്‍പ്പെടെ അനുശോചനം രേഖപ്പെടുത്തി.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളില്‍ അഭിനയിച്ചു. കന്നഡയില്‍ മാത്രം നാനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടിയിലാണ് ജനനം. ലീലാ കിരണ്‍ എന്നായിരുന്നു ആദ്യപേര്. ശ്രീ സാഹിത്യ സാമ്രാജ്യ നാടക കമ്പനിയിലൂടെയാണ് അഭിനയ തുടക്കം.

ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. പ്രമുഖ കന്നഡ നടന്‍ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളില്‍ വേഷമിട്ടു. രണ്ടു തവണ ദേശീയ പുരസ്‌കാരവും ആറ് തവണ സംസ്ഥാന പുരസ്‌കാരവും നേടി.