Tuesday, April 30, 2024
keralaNewspolitics

തനിക്കെതിരെ ഇസ്ലാം മതത്തിനിടയില്‍ വ്യാപക പ്രചാരണം നടക്കുന്നു; വികാരാധീനയായി കെകെ ശൈലജ

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയും അവരുടെ മീഡിയ വിഭാഗവും തന്നെ തേജോവധം ചെയ്യുകയാണെന്ന് കെകെ ശൈലജ ടീച്ചര്‍. തനിക്കെതിരെ വ്യാജ വീഡിയോ ക്ലിപ്പുകള്‍ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുകയാണെന്നും കെകെ ശൈലജ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനും യുഡിഎഫിനുമെതിരെ  എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ഗുരുതര ആരോപണം ഉന്നയിച്ചത്. തനിക്കെതിരെ ഇസ്ലാം മതത്തിനിടയില്‍ വ്യാപക പ്രചാരണം നടക്കുന്നു. ഇത് എതിര്‍ സ്ഥാനാര്‍ത്ഥി അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ദുഷ് പ്രചാരണം നടത്തുന്നത്. മകള്‍ മരിച്ച തന്റെ നാട്ടിലെ മമ്മൂട്ടിയെന്ന വ്യക്തിയെ പ്രകോപിപ്പിച്ച് തനിക്കെതിരെ അഭിമുഖം എടുത്ത് പ്രചരിപ്പിച്ചു. തന്നെ കരിതേച്ച് കാണിക്കുകയാണ്. തന്നെ ജനങ്ങള്‍ക്ക് അറിയാം. തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് അനുകൂലമായി പറഞ്ഞതും തെറ്റായി പ്രചരിപ്പിച്ചു. താന്‍ പല പ്രമുഖര്‍ക്ക് എതിരെയും മത്സരിച്ചിട്ടുണ്ട്. മുന്‍ അനുഭവങ്ങള്‍ ഇങ്ങിനെയായിരുന്നില്ല. എവിടുന്നോ കൊണ്ട് വന്ന സംഘമാണ് ഇതിന് പിന്നില്‍. ഇങ്ങിനെ പ്രവര്‍ത്തിച്ച് ജയിക്കാമെന്ന വ്യാമോഹം വേണ്ട. ജനം ഇതെല്ലാം മനസിലാക്കുമെന്നും ടീച്ചര്‍ പറഞ്ഞു.

എന്റെ വടകര   KL – 11′  എന്ന ഇന്‍സ്റ്റ പേജിലൂടെ നിരന്തരം അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പാനൂര്‍ സ്‌ഫോടനം പ്രതി അമല്‍ കൃഷ്ണയുടെ കൂടെ നില്‍ക്കുന്ന വ്യാജ ചിത്രം നിര്‍മ്മിച്ച് പ്രചരിപ്പിച്ചു. അത് നൗഫല്‍ കൊട്ടിയത്ത് എന്ന കുട്ടിയുടെ ചിത്രമാണെന്നും നൗഫല്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നുവെന്നും കെകെ ശൈലജ പറഞ്ഞു. തന്റെ അഭിമുഖങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു.

കാന്തപുരത്തിന്റെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് തനിക്കെതിരെ അപവാദ പ്രചാരണം നടത്തി. ലെറ്റര്‍ പാഡില്‍ ഇത് ടീച്ചറമ്മയല്ല ബോംബ് അമ്മ എന്ന പേരിലാണ് ഇത് പ്രചരിപ്പിച്ചത്. യുഡിഎഫ് വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. -കെകെ ശൈലജ പറഞ്ഞു. തന്നെ കുറിച്ച് വോട്ടര്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നേരിട്ട് ചോദിക്കാം. അല്ലാതെ അപവാദ പ്രചാരണത്തില്‍ വിശ്വസിക്കരുത്. വ്യാജ പ്രചരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിക്കും നാളെ പരാതി നല്‍കും. സ്ഥാനാര്‍ത്ഥിക്കൊപ്പം വന്നവരാണ് ഈ കള്ള പ്രചാരണത്തിന് പിന്നില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ശുദ്ധ തെറി എഴുതുകയാണെന്നും കെകെ ശൈലജ പറഞ്ഞു.