Friday, May 10, 2024
indiakeralaNews

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി അജിത്തും രമ്യയും

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂരിലെ ദമ്പതികള്‍ക്ക്. ഇരിട്ടി വള്ള്യാട്ട് കോട്ടക്കുന്ന് കോളനിയിലെ 28-കാരനായ കെ. അജിത്തിനും ഭാര്യ രമ്യ രവിയ്ക്കുമാണ് പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഭാഗ്യദമ്പതികളുടെ സന്തോഷത്തില്‍ പങ്കാളിയാകുന്നത്.

അവിചാരിതമായി കൈവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യദമ്പതിമാരാണ് ഇവര്‍. പരേഡില്‍ പങ്കെടുക്കുന്നതിനോടൊപ്പം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും സംസാരിക്കാനുമുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയോടൊപ്പം വിരുന്നില്‍ പങ്കെടുക്കാനും ഇവര്‍ ഒരുങ്ങുകയാണ്.

ഇക്കുറി സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി പട്ടികവര്‍ഗ്ഗ ദമ്പതിമാരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് പണിയവിഭാഗത്തില്‍പ്പെട്ട അജിത്തിനെയും ഭാര്യയെയുമാണ് തിരഞ്ഞെടുത്തത്. ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ താത്കാലിക വാച്ച്മാനാണ് അജിത്ത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതിമാര്‍ അപേക്ഷ അയക്കാന്‍ അറിയിപ്പ് ലഭിച്ചപ്പോള്‍ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ട് വരികയായിരുന്നു. ഇന്നലെ കണ്ണൂരില്‍ നിന്നും തിരിച്ച ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ദില്ലിയിലേക്കു പറക്കും.