Sunday, April 28, 2024
indiaNews

പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് വന്ന ഒഴിവുകളിലേക്ക് രണ്ട് പേരെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തിരഞ്ഞെടുത്തു. മുന്‍ ബ്യൂറോക്രാറ്റുകളായ ജ്ഞ്യാനേഷ് കുമാറിനെയും – സുഖ്ബീര്‍ സിംഗ് സന്ധുവിനെയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി യോഗത്തിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നു. ലോക്‌സഭാ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു.  ഫെബ്രുവരിയില്‍ അനൂപ് ചന്ദ്ര പാണ്ഡേയുടെ കാലാവധി കഴിയുകയും കഴിഞ്ഞ ശനിയാഴ്ച അരുണ്‍ ഗോയല്‍ അപ്രതീക്ഷിതമായി രാജിവക്കുകയും ചെയ്ത ഒഴിവിലാണ് പുതിയ നിയമനം. തിരഞ്ഞെടുപ്പ് സമിതിയില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് തീരുമാനം. 1988 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരാണ് ജ്ഞ്യാനേഷ് കുമാറും സുഖ്ബിന്ദര്‍ സന്ധുവും. കേരള കേഡര്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥാണ് ഗ്യാനേഷ് കുമാര്‍. ഉത്തരാഖണ്ഡ് കേഡറില്‍ നിന്നാണ് സുഖ്ബിര്‍ സന്ധു.