Saturday, May 4, 2024
indiaNewspolitics

പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം അലിയടിക്കുന്നതിനിടെ പഞ്ചാബിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. ബിജെപിക്കു കനത്ത തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ അഞ്ചെണ്ണവും കോണ്‍ഗ്രസ് നേടി. മോഗ, ഹോഷിയാര്‍പുര്‍, കപൂര്‍തല, അബോഹര്‍, ഭത്തിന്ധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. പഠാന്‍കോട്ടും ബതാലയിലും പാര്‍ട്ടി മുന്നേറുകയാണ്. മജീതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 13 സീറ്റില്‍ പത്തെണ്ണം ശിരോമണി അകാലിദള്‍ നേടി.രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസ് നേടി. ബിജെപി രണ്ട് സീറ്റും അകാലിദളും എഎപിയും ഓരോ സീറ്റിലും വിജയിച്ചു. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എട്ടിടത്തു ജയിച്ചു. ദൊരാഹയില്‍ ആകെയുള്ള 15 സീറ്റില്‍ ഒമ്പതിടത്തും കോണ്‍ഗ്രസാണു മുന്നില്‍. സമ്രാലയില്‍ 15 വാര്‍ഡില്‍ പത്തിടത്തും കോണ്‍ഗ്രസ് മുന്നേറ്റമാണ്. സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു. ലല്‍റുവില്‍ അഞ്ച് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്തു ബിജെപിയും ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രന്മാരാണ് ജയിച്ചത്. എഎപിക്കും അകാലിദളിനും ഒരു സീറ്റ് പോലും നേടാനായില്ല. കിര്‍താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രന്മാര്‍ ജയിച്ചു.

അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്നാല, രാംദാസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. മജീതിയയില്‍ അകാലിദളിനാണു ജയം. അമൃത്സര്‍ മുന്‍സിപ്പല്‍ കോര്‍പ്പേറഷനിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. ഹൊഷിയാര്‍പുരില്‍ ബിജെപി മുന്‍മന്ത്രി ത്രിക്ഷാന്‍ സൂദിന്റെ ഭാര്യ പരാജയപ്പെട്ടു. ഫസില്‍കയില്‍ കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ജയിച്ചു. ബിജെപി നാലിടത്തും എഎപി രണ്ടിടത്തുമാണ് ജയിച്ചത്. അബോഹറില്‍ ആകെയുള്ള 50 വാര്‍ഡുകളില്‍ 49 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മോഗയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകള്‍ നേടിയപ്പോള്‍ അകാലിദള്‍ 15 ഇടത്തും ബിജെപി ഒരിടത്തും എഎപി നാലിടത്തും ജയിച്ചു. പത്തിടത്ത് സ്വതന്ത്രന്മാര്‍ക്കാണു ജയം.ഗുര്‍ദാസ്പുരില്‍ ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് തൂത്തുവാരി. ബതാല, പത്താന്‍കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും കോണ്‍ഗ്രസിനാണു മുന്നേറ്റം. ജലന്ധറിലെ ഫിലാപുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 15 സീറ്റില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടി. ബിജെപിക്കും അകാലിദളിനും സീറ്റില്ല. മൂന്നിട്ടത്ത് സ്വതന്ത്രന്മാരും ഒരു സീറ്റ് ബിഎസ്പിയും നേടി. ബദ്നി കലനില്‍ ഒമ്പത് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. എഎപി മൂന്നും അകാലിദള്‍ ഒരു സീറ്റും സ്വന്തമാക്കി. ഗിഡ്ഡെര്‍ബഹയില്‍ കോണ്‍ഗ്രസ് 18 സീറ്റ് നേടി.

2,302 വാര്‍ഡുകള്‍ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണു ഫെബ്രുവരി 14ന് തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് കാരണമാണ് നീട്ടിവച്ചത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക്് ഏറെ നിര്‍ണായകമാണ് ജനവിധി. അകാലിദള്‍ സഖ്യം വിട്ടത് ബിജെപിക്കു തിരിച്ചടിയാകുമോ എന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്. കാര്‍ഷികനിയമങ്ങള്‍ക്കെതിരായ ജനവിധിയാകും ഉണ്ടാകുകയെന്നാണ് കോണ്‍ഗ്രസ്, അകാലിദള്‍ നേതാക്കള്‍ പറയുന്നത്.എട്ടില്‍ അഞ്ച് കോര്‍പ്പറേഷനുകളും കര്‍ഷക മേഖലയായ മല്‍വാ മേഖലയിലാണ്. നഗര മേഖലയാണെങ്കിലും ഇവിടെ ശക്തമായ കര്‍ഷക സ്വാധീനവും ബന്ധങ്ങളുമുണ്ട്. ഭൂരിപക്ഷ വോട്ടര്‍മാരും കൃഷിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുകയാണ്.2015ലെ തിരഞ്ഞെടുപ്പില്‍ അകാലിദളും ബിജെപിയും സഖ്യത്തിലാണ് മല്‍സരിച്ചത്. കര്‍ഷക പ്രക്ഷോഭത്തെത്തുടര്‍ന്ന് അകാലിദള്‍ എന്‍ഡിഎ വിട്ടശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അകാലിദളും ബിജെപിയും ഒറ്റയ്ക്കൊറ്റയ്ക്കാണ് ഇവിടെ മത്സരിക്കുന്നത്.