Monday, April 29, 2024
indiaNewsObituary

കര്‍ണാടക മന്ത്രി ഉമേഷ് കാട്ടി അന്തരിച്ചു

ബംഗളൂരു: കര്‍ണാടക മന്ത്രി ഉമേഷ് വിശ്വനാഥ് കാട്ടി അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വനം-ഭക്ഷ്യവകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.ഇന്നലെ രാത്രിയോടെയാണ് സംഭവം. ഡോളേഴ്സ് കോളനിയിലെ വസതിയിലെ കുളിമുറിയില്‍ അദ്ദേഹം തളര്‍ന്നുവീണു. തുടര്‍ന്ന് ഉമേഷ് കാട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മന്ത്രിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ‘കര്‍ണ്ണാടകയുടെ വികസനത്തിന് സമ്പന്നമായ സംഭാവനകള്‍ നല്‍കിയ പരിചയസമ്പന്നനായ നേതാവായിരുന്നു ഉമേഷ് കാട്ടി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്നു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ്. മോദി ട്വീറ്റ് ചെയ്തു. മന്ത്രിയുടെ മരണം സംസ്ഥാനത്തിന് തീരാ നഷ്ടമാണെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ‘എന്റെ അടുത്ത സഹപ്രവര്‍ത്തകനും മന്ത്രിയുമായ ഉമേഷ് കാട്ടിയുടെ വിയോഗത്തില്‍ അഗാധമായ ദുഖമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംസ്ഥാനത്തിന് നൈപുണ്യമുള്ള നയതന്ത്രജ്ഞനെയും സജീവ നേതാവിനെയും വിശ്വസ്തനായ പൊതുപ്രവര്‍ത്തകനെയുമാണ് നഷ്ടമായത്,’ ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു.